ശാന്തൻപാറയിൽ സഞ്ചാര യോഗ്യമായ റോഡ് ഇല്ല: വാഴയും ചേനയും നട്ട് പ്രതിഷേധവുമായി നാട്ടുകാര്‍ - കേരളം
ഇടുക്കി:ശാന്തൻപാറയിൽ സഞ്ചാര യോഗ്യമായ റോഡ് ഇല്ലെന്ന പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് -പുത്തടി റോഡ് ആണ് 18 വർഷക്കാലമായി തകർന്നു കിടക്കുന്നത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് പള്ളിക്കുന്ന്, പുത്തടി മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ്.
അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് റോഡിൽ വാഴയും ചേനയും നട്ട് പ്രതിഷേധിച്ച് പ്രദേശവാസികൾ. മഴക്കാലത്തിന് മുൻപ് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാജകുമാരി സേനാപതി പഞ്ചായത്തുകളിലെ നിരവധി ആളുകൾ നെടുംകണ്ടം മേഖലയിലേക്ക് എത്തിച്ചേരുവാൻ ആശ്രയിച്ചിരുന്ന എളുപ്പ മാർഗം കൂടിയായിരുന്നു ഈ റോഡ്.
രണ്ടര കിലോമീറ്റർ ദൂരം വരുന്ന ഈ പാതയുടെ പകുതിയും പൂർണ്ണമായും തകർന്ന അവസ്ഥയിലാണ് ഇരുചക്ര വാഹങ്ങൾ അപകടത്തിൽ പെടുന്നതും യാത്രികർക്ക് പരിക്ക് പറ്റുന്നതും നിത്യസംഭവമാണ്. സ്‌കൂൾ ബസുകളോ ടാക്‌സി വാഹനങ്ങളോ എത്താതായതോടെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികൾ പ്രായമായവരും ഗർഭിണികളുമാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.
ഫണ്ട് അനുവദിച്ചു എന്ന് അധികൃതർ പറയുമ്പോഴും നാളിതുവരെ നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രദേശവാസികൾ രംഗത്ത് എത്തിയത് റോഡിൽ വാഴയും ചേനയും നട്ട് പ്രദേശവാസികൾ പ്രതിഷേധം രേഖപ്പെടുത്തി. റോഡിന് അനുവദിച്ച ഫണ്ട് മാറ്റി ചിലവഴിച്ചതായും പ്രദേശവാസികൾ ആരോപിക്കുന്നു. മഴക്കാലത്തിന് മുന്നോടിയായി റോഡ് ഗതാഗത യോഗ്യമാക്കിയില്ലയെങ്കിൽ ശക്‌തമായ സമരങ്ങളിലേക്ക് കടക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.