കേരളം

kerala

ഗ്രേറ്റര്‍ നോയിഡയിലെ കെട്ടിടത്തിന് തീപിടിത്തം; ജീവന്‍ രക്ഷിക്കാന്‍ എടുത്ത് ചാടിയത് മൂന്നാം നിലയില്‍ നിന്ന്

ETV Bharat / videos

VIDEO | കെട്ടിടത്തില്‍ വന്‍ തീപിടിത്തം ; മൂന്നാം നിലയില്‍ നിന്ന് താഴേക്കുചാടി യുവതിയും യുവാവും - കോച്ചിങ് സെന്‍ററിന് തീപിടിത്തം

By

Published : Jul 13, 2023, 7:49 PM IST

നോയിഡ :ഗ്രേറ്റര്‍ നോയിഡയിലെ ഗാലക്‌സി പ്ലാസയിലെ മൂന്നാം നിലയില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് താഴേക്കുചാടി യുവതിയും യുവാവും. പ്രദേശവാസികള്‍ കിടക്കകള്‍ വിരിച്ചതിനാല്‍ ഇവര്‍ സുരക്ഷിതരായി നിലത്തെത്തി. ഇരുവരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  

യുവാവും യുവതിയുമാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. തീപിടിത്തമുണ്ടായ സമയം കെട്ടിടത്തിന്‍റെ ചില്ല് തകര്‍ത്ത് പുറത്തിറങ്ങിയ ഇവര്‍ ഊര്‍ന്നിറങ്ങിയാണ് താഴേയ്‌ക്ക് ചാടിയത്. നിസാര പരിക്കുകളോടെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കെട്ടിടത്തിന് തീപിടിക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്ക് പുറമെ മറ്റ് വ്യക്തികളും തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടുകൂടിയാണ് കെട്ടിടത്തിനുള്ളിലെ സ്‌റ്റുഡിയോയില്‍ തീപിടിത്തമുണ്ടായത്.  

ജീവന്‍ രക്ഷിക്കാന്‍ കെട്ടിടത്തിന്‍റെ ചില്ല് തകര്‍ത്തിറങ്ങിയ വ്യക്തികള്‍ 30 മുതല്‍ 35 അടി ഉയരത്തില്‍ നിന്നാണ് താഴേയ്‌ക്ക് പതിച്ചത്. തീപിടിത്തമുണ്ടായ സമയം അഞ്ച് പേരാണ് സ്‌റ്റുഡിയോയ്‌ക്ക് ഉള്ളില്‍ കുടുങ്ങിയത്. രണ്ട് പേര്‍ ഉടനടി കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടപ്പോള്‍ കുടുങ്ങി കിടന്നിരുന്ന മൂന്നുപേരെ പൊലീസും അഗ്നിരക്ഷാസേനയും എത്തി രക്ഷിക്കുകയായിരുന്നുവെന്ന് അഡീഷണല്‍ ഡിസിപി രാജീവ് ദീക്ഷിത് പറഞ്ഞു.  

ഒരു സ്‌ത്രീയും പുരുഷനും കെട്ടിടത്തില്‍ തൂങ്ങി കിടക്കുന്നതായി പ്രദേശവാസികള്‍ കണ്ടു. ഈ സമയം അടുത്തുള്ള കടയില്‍ നിന്ന് മെത്തകള്‍ കൊണ്ടുവന്ന് ഇവര്‍ നിലത്ത് വിരിച്ചു. അതിനാല്‍ തന്നെ ഇരുവരും മെത്തയില്‍ പതിക്കുകയും വലിയ അപകടം ഒഴിവാകുകയും ചെയ്‌തുവെന്ന് അദ്ദേഹം അറിയിച്ചു.  

ഒരു മണിക്കൂറോളം സമയമെടുത്താണ് തീ അണച്ചത്. അഞ്ച് പേരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്‌ക്ക് മാറ്റിയെന്ന് രാജീവ് ദീക്ഷിത് വ്യക്തമാക്കി. 

കോച്ചിങ് സെന്‍ററിന് തീപിടിത്തം : അതേസമയം, സമാനമായ സംഭവം ഇക്കഴിഞ്ഞ ജൂണ്‍ 15ന് ഡല്‍ഹിയിലും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മുഖര്‍ജി നഗറിലെ ബഹുനില കെട്ടിടത്തിലെ കോച്ചിങ് സെന്‍ററില്‍ വന്‍ തീപിടിത്തമുണ്ടായി. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കയറില്‍ തൂങ്ങി രക്ഷപ്പെട്ടിരുന്നു. ജനല്‍ വഴി രക്ഷപ്പെടുന്നതിനിടെ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. 

കെട്ടിടത്തില്‍ എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് 11 അഗ്‌നി ശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും തീ നിയന്ത്രണ വിധേയമാക്കിയതുകൊണ്ട് വന്‍ അപകടം ഒഴിവാക്കാനായെന്നും പൊലീസ് അറിയിച്ചിരുന്നു.

അഗ്നി ശമന സേനാംഗങ്ങള്‍ വിദ്യാര്‍ഥികളെ ജനല്‍ വഴി കയറിലൂടെ താഴെയിറക്കി. ഇതിനിടെ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തും. വടക്കൻ ഡൽഹിയിലെ മുഖർജി നഗർ വിവിധ കോച്ചിങ് സെന്‍ററുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രധാന ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നാണ്.

ABOUT THE AUTHOR

...view details