Ganapathy Row | 'സുകുമാരൻ നായരെ കണ്ടു, പോരാട്ടം ജനം അംഗീകരിക്കുന്നതിൽ സന്തോഷം അറിയിച്ചെന്ന് പിസി ജോർജ് - എൻഎസ്എസ് ജനറൽ സെക്രട്ടറി
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്‌ച നടത്തിയതായി അറിയിച്ച് ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോർജ്. നീതിക്കുവേണ്ടിയുള്ള പോരാട്ടം ജനം അംഗീകരിക്കുന്നതിൽ സുകുമാരൻ നായർ സന്തോഷം അറിയിച്ചു. മാനസികനില തെറ്റിയ ഭരണാധികാരിക്കല്ലാതെ മറ്റൊരാൾക്കും എൻഎസ്എസിനും ജനറൽ സെക്രട്ടറിക്കുമെതിരെ കേസെടുക്കാൻ കഴിയില്ലെന്നും പി.സി ജോർജ് പറഞ്ഞു. ശബരിമലയിലെ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് മുമ്പും സുകുമാരന്‍ നായര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ആ കേസിന് എന്താണ് സംഭവിച്ചത്. ഇതും അതുപോലെ തന്നെ ചവറ്റുകുട്ടയില്‍ കിടക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം ഗണപതിയെ പരാമർശിച്ചുള്ള നിയമസഭ സ്‌പീക്കർ എഎൻ ഷംസീറിന്‍റെ പ്രസംഗത്തിനെതിരെ എൻഎസ്എസിന്‍റെ നേതൃത്വത്തിൽ ബുധനാഴ്‌ച (02.08.23) തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി ഘോഷയാത്രയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയായിരുന്നു കേസെടുത്തത്. അനധികൃതമായി സംഘം ചേർന്നു, സംഘം ചേർന്ന് ഗതാഗതം തടസപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു കേസ്. പൊലീസ് ആജ്ഞ ലംഘിച്ചാണ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചതെന്നും പൊലീസ് എഫ്ഐആറിൽ പറഞ്ഞിരുന്നു.