മണിമലയാർ കരകവിഞ്ഞൊഴുകി, 12 റോഡുകളില്‍ വെള്ളം കയറി - കനത്ത മഴ
പത്തനംതിട്ട: കനത്ത മഴയിൽ നദികളിൽ ജലനിരപ്പ് ഉയർന്നത്തോടെ പ്രളയഭീതിയില്‍ പത്തനംതിട്ട ജില്ല. മണിമലയാർ കരകവിഞ്ഞൊഴുകുകയും തിരുവല്ലയിലെ വിവിധ മേഖലകളിൽ വെള്ളം കയറുകയും ചെയ്‌തു. 12 ഓളം റോഡുകളിലാണ് വെള്ളം കയറിയിരിക്കുന്നത്.
മണിമലയാര്‍ കരകവിഞ്ഞതോടെ മല്ലപ്പള്ളി ടൗണില്‍ ഉള്‍പ്പെടെ വെള്ളം കയറി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇൻഡോര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലും വെള്ളം കയറി. തിരുവല്ല മുന്‍സിപ്പാലിറ്റിയിലെ നൂറിലധികം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
വേങ്ങൽ മുണ്ടിയപ്പള്ളി കോളനിയിൽ വീടുകൾ വെള്ളത്തിലായി. ഇതുവരെ ജില്ലയിൽ 27 ക്യാമ്പുകള്‍ തുറന്നു. ഇവിടെ 218 കുടുംബങ്ങളിലെ 710 പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കൂടുതൽ ക്യാമ്പുകൾ തുറക്കാനാണ് സാധ്യത. മഴയില്‍ 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയിൽ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, പമ്പ, മണിമല നദികളില്‍ കിഴക്കൻ വെള്ളം എത്തിയതോടെ അപ്പര്‍കുട്ടനാട്ടില്‍ ജലനിരപ്പ് കുതിച്ചുയരുകയാണ്.
2020ന് ശേഷമുള്ള വലിയ വെള്ളപ്പൊക്കമാണ് ഇതെന്ന് പ്രദേശവാസികള്‍ പറയുന്നു. തിരുവല്ലയിൽ പല വീടുകളുടെയും മതിൽ പൊക്കത്തിൽ വെള്ളം എത്തി. പലരും വീടിന്‍റെ രണ്ടാം നിലയിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. രാത്രിയും പകലും രക്ഷ പ്രവർത്തനങ്ങൾ തുടരുകയാണ്. ഇന്ന് രാവിലെ മുതൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം. എന്നാൽ, കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു അണക്കെട്ടുകളിൽ പകുതി വെള്ളമെ ആയിട്ടുള്ളു.