ദേശീയപാതയിൽ വണ്ടി തടഞ്ഞ് 'പടയപ്പ': റോഡിലെത്തുന്നത് വേനൽ കടുത്തതോടെ ഭക്ഷണം തേടി - issue
ഇടുക്കി:വേനൽ കടുത്തതോടെ ഭക്ഷണം തേടി വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ദേശീയപാതയിലൂടെയും മുന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെയും വാഹനങ്ങളിൽ നിന്നും ഭക്ഷണം കണ്ടെത്തുകയാണ് പടയപ്പയെന്ന കാട്ടുകൊമ്പൻ. മൂന്നാറില്‍ നയമക്കാട് എസ്റ്റേറ്റിലെ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ പടയപ്പ, 30 മിനിറ്റില്‍ അധികമാണ് റോഡില്‍ ഭക്ഷണം തേടി ഓരോ വാഹനത്തിന് മുൻപിലെത്തിയത്. എന്നാൽ പടയപ്പ വാഹനങ്ങളെ ആക്രമിച്ചില്ല.
നാട്ടുകാരും വാഹനയാത്രക്കാരും ബഹളം വച്ച് പടയപ്പയെ തുരത്തുകയായിരുന്നു. പടയപ്പയുടെ സ്ഥിരം രീതികളിൽ ഒന്നാണ് വാഹനങ്ങൾ തടഞ്ഞു നിർത്തുക എന്നത്. കഴിഞ്ഞ ദിവസം മൂന്നാർ - ഉദുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസിന്‍റെ ചില്ല് ആന തകർത്തിരുന്നു. തൊട്ടുപിന്നാലെയാണ് കാറുകളെ തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. കെഎസ്ആർടിസി ബസിന്‍റെ ചില്ല് ആന തകർത്തത് ഭക്ഷണം തേടി എത്തിയതിന്‍റെ ഭാഗമായിട്ടാണ്. കാലിന് പരിക്കേറ്റതിനാൽ കൂടുതൽ ദൂരം നടക്കാൻ കഴിയാത്തത്തും പടയപ്പക്ക് വെല്ലുവിളിയാണ്.
വണ്ടികളിൽ നിന്ന് ഭക്ഷണം ലഭിക്കുന്നത് താരതമ്യേന എളുപ്പമായതിനാൽ വനത്തിനുള്ളിൽ വേനലാവുന്നതോടെ പടയപ്പ രാത്രി കാലങ്ങളിൽ റോഡിലിറങ്ങും. ചരക്ക് ലോറികൾ ധാരാളമുള്ളതിനാൽ പടയപ്പക്ക് ഭക്ഷണവും ലഭിക്കാറുണ്ട്. ജനവാസ മേഖലയിൽ നിലയുറപ്പിച്ച് നിൽക്കുന്ന പടയപ്പ ഒരിക്കൽ പോലും ആളുകളെ ആക്രമിച്ചിട്ടില്ല. എന്നാൽ അരിയടക്കമുള്ള സാധനങ്ങൾ മോഷ്‌ടിച്ച് മടങ്ങുകയാണ് പതിവ്. കിട്ടാതെ വരുമ്പോൾ ചിലപ്പോൾ അക്രമാസക്തനാകും എന്നതൊഴിച്ചാൽ പ്രശ്‌നങ്ങൾ കുറവാണ്. പ്രായാധിക്യവും പടയപ്പയെ തളർത്തുന്നുണ്ട്.
എന്നാൽ ഇടുക്കി ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ കാട്ടാന ആക്രമണം അതിരൂക്ഷമാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ പൂപ്പാറ തലക്കുളത്തിന് സമീപം വ്യാഴാഴ്‌ച രാവിലെ തമിഴ്‌നാട്ടിൽ നിന്നും മൂന്നാർ ഭാഗത്തേക്ക് പലചരക്ക് സാധനങ്ങളുമായി വന്ന ലോറി അരിക്കൊമ്പൻ എന്ന ആന തടഞ്ഞിരുന്നു. അതേസമയം അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.