നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറ്റൊരു ഓട്ടോയിൽ ഇടിച്ച് താഴ്‌ചയിലേക്ക് മറിഞ്ഞു; ദമ്പതികൾ ഉൾപ്പടെ 3 പേർക്ക് പരിക്ക് - ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്
Published : Nov 7, 2023, 8:36 AM IST
പത്തനംതിട്ട: അഴൂരിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറ്റൊരു ഓട്ടോയിൽ ഇടിച്ച് 20 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു (Passengers injured in Auto rickshaw accident). അപകടത്തിൽ മറിഞ്ഞ ഓട്ടോയിൽ ഉണ്ടായിരുന്ന ദമ്പതികളായ യാത്രക്കാർക്കും ഓട്ടോ ഡ്രൈവർക്കും സാരമായി പരിക്കേറ്റു. കോന്നി വകയാർ സ്വദേശികളായ അനിൽ, ഭാര്യ സ്‌മിത, ഓട്ടോ ഡ്രൈവർ ജോൺസൺ എന്നിവർക്കാണ് പരിക്കേറ്റത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും പൊലീസും ചേർന്നാണ് നെറ്റും റോപ്പും ഉപയോഗിച്ചു താഴ്ച്ചയിലേക്ക് വീണവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അനിലിന്‍റെ കാലിന് ഒടിവ് സംഭവിച്ചു. ജോൺസണിന്‍റെ നെഞ്ചിനാണ് പരിക്ക്. ജോൺസണെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ ഓട്ടോറിക്ഷ ഓടിച്ച വള്ളിക്കോട് സ്വദേശി രഞ്ജിത്ത് മദ്യപിച്ചിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. അപകടത്തിന് ശേഷം സംഭവ സ്ഥലത്തുനിന്നും ഓട്ടോയുമായി രക്ഷപെട്ട രഞ്ജിത്തിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ അറിയിച്ചു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.