പുതിയ തലമുറയിലെ കാണികള്‍ക്ക് പുത്തന്‍ അനുഭവമേകി കേരളീയം വേദിയില്‍ പറയന് തുള്ളല്‍ - കേരളീയം വാരാഘോഷം
Published : Nov 6, 2023, 1:57 PM IST
തിരുവനന്തപുരം : കേരളീയം വേദിയില്‍ കാണികള്‍ക്ക് കൗതുകമായി പറയന് തുള്ളല്‍ (Parayan Thullal at Keraleeyam). കുഞ്ചന്‍ നമ്പ്യാരുടെ ജന്മദേശമായ പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശി മംഗലത്തെ കലാകാരന്മാരാണ് പുതിയ തലമുറയിലെ കാണികള്‍ക്ക് പുത്തന്‍ അനുഭവം തീര്‍ത്ത് പറയന് തുള്ളല്‍ അവതരിപ്പിച്ചത്. കേരളീയം വാരാഘോഷത്തിന്റെ ആദ്യ ദിനങ്ങളില്‍ കുഞ്ചന്‍ നമ്പ്യാര്‍ ചിട്ടപ്പെടുത്തിയ ഓട്ടന്‍ തുള്ളലും, ശീതങ്കന്‍ തുള്ളലും അവതരിപ്പിച്ച ശേഷമാണ് അഞ്ചാം നാളിലാണ് 35 വര്‍ഷമായി വേഷം കെട്ടിയാടുന്ന തുഞ്ചന്‍ സ്മാരകത്തിലെ കലാകാരനായ രാജേഷ് പറയന് തുള്ളല്‍ അവതരിപ്പിച്ചത്. കലാ സാംസ്കാരിക സാഹിത്യ രംഗങ്ങളിലെ കുഞ്ചന്‍ നമ്പ്യാരുടെ സംഭാവനകള്‍ ഇന്നത്തെ കാലത്ത് ജനങ്ങളിലേക്കെത്തിക്കുന്ന തുഞ്ചന്‍ സ്മാരകത്തില്‍ നിന്നുമെത്തുന്ന രാജേഷ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഓട്ടന്‍ തുള്ളലും പറയന് തുള്ളലും ശീതങ്കന്‍ തുള്ളലും അവതരിപ്പിച്ച് വരുന്നു. കനത്ത മഴയിലും കുട പിടിച്ച് തുള്ളല്‍ കാണാനെത്തിയ കാണികളുടെ മുന്നിലായിരുന്നു രാജേഷിന്റെ അവതരണം. കഥയിലും അവതരണത്തിലും വേഷവിധാനങ്ങളിലും വ്യത്യസ്തമായ പറയന് തുള്ളല്‍ പതിഞ്ഞ താളത്തില്‍ ഭക്തിക്ക് പ്രാധാന്യം കൊടുത്താണ് അവതരിപ്പിക്കപ്പെടുന്നതെന്ന് കലാകാരനായ രാജേഷ് ഇ ടി വി ഭാരതിനോട് പറഞ്ഞു. പാലക്കാട് കിള്ളിക്കുറിശ്ശി മംഗലത്തെ തുഞ്ചന്‍ സ്മാരകത്തില്‍ വര്‍ഷങ്ങളായി കുഞ്ചാന്‍ നമ്പ്യാര്‍ രൂപം നല്കിയ തുള്ളലുകള്‍ക്ക് പരിശീലനം നല്കി വരുന്നുവെന്നും രാജേഷ് പറയുന്നു. കേരളീയത്തിന്റെ അഞ്ചാം നാള് കെല്‍ട്രോണിലെ വേദിയിലായിരുന്നു കാലം മായ്ക്കുന്ന പറയന് തുള്ളല്‍ അവതരിപ്പിച്ച് കാണികളെ കൈയിലെടുത്തത്.