'സർക്കാർ പ്രാധാന്യം നൽകുന്നില്ല'; നെല്‍കൃഷിയിൽ നിന്ന് പിന്തിരിയാൻ നിർബന്ധിതരായി ഇടുക്കിയിലെ കർഷകർ - ഇടുക്കി നെൽകർഷകർ പ്രതിസന്ധിയിൽ
ഇടുക്കി : ജില്ലയിൽ നെൽകൃഷി പ്രോത്സാഹനം പ്രഖ്യാപനങ്ങളിൽ മാത്രമാണെന്ന് കർഷകർ. കാലാവസ്ഥയും ഭൂപ്രകൃതിയും നെൽകൃഷിയ്‌ക്ക് അനുയോജ്യമെങ്കിലും കൃഷി ലാഭകരമല്ലാത്തതിനാൽ കർഷകർ നെൽകൃഷിയിൽ നിന്നും പിന്തിരിയുകയാണ്. സർക്കാർ നെൽകൃഷിയ്‌ക്ക് പ്രാധാന്യം നൽകാത്തതും കർഷകർ കൃഷി ഉപേക്ഷിക്കാൻ കാരണമായി. പ്രകൃതി സന്തുലനാവസ്ഥ മുതല്‍ ഭക്ഷ്യ സുരക്ഷ വരെ ഉറപ്പ് നല്‍കുന്ന കൃഷിയാണെങ്കിലും, അത് നിലനിര്‍ത്തുന്നതിന് ശരിയായ രീതിയിലുള്ള സര്‍ക്കാര്‍ പ്രോത്സാഹനമില്ലാത്തതാണ് ജില്ലയില്‍ നിന്നും നെല്‍കൃഷി പടിയിറങ്ങാനുള്ള പ്രധാന കാരണം. ഹൈറേഞ്ചിലെ നെല്ലറ എന്നറിയപ്പെട്ടിരുന്ന മുട്ടുകാട് പാടശേഖരത്തിനും നെല്‍കൃഷി കൊണ്ട് പേരുകേട്ട വലിയ കണ്ടമെന്ന ഇന്നത്തെ രാജാക്കാടിനുമെല്ലാം നെല്‍കൃഷിയിൽ നൂറുമേനി കൊയ്‌ത കഥകള്‍ പറയാനുണ്ട്. എന്നാല്‍ ഇന്ന് ഇവിടങ്ങളിൽ നാമമാത്രമായ ഹെക്‌ടറില്‍ മാത്രമേ നെല്‍കൃഷിയുള്ളു. രാജാക്കാട് പഞ്ചായത്തില്‍ 1.5 ഹെക്‌ടറും സേനാപതി രാജകുമാരി പഞ്ചായത്തുകളിൽ 150 ല്‍ നിന്നും 17 ഹെക്‌ടര്‍ സ്ഥലത്തും മാത്രമാണ് കൃഷി ചെയ്യുന്നത്. സര്‍ക്കാര്‍ പ്രോത്സാഹനമായി കൃഷിഭവനുകള്‍ വഴി കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നുണ്ട്. എന്നാല്‍ പ്രതിസന്ധികള്‍ മൂലം കൃഷി ഉപേക്ഷിച്ച കര്‍ഷകരെ തിരികെയെത്തിക്കാന്‍ യാതൊരു ശ്രമവും നടത്തുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. കൃഷിയ്ക്കായി വേണ്ടി വരുന്ന അമിത ചെലവും നെല്‍കൃഷിക്കായി തൊഴിലാളികളെ ലഭ്യമല്ലാത്തതും കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുകയാണ്. തരിശുപാടങ്ങളില്‍ നെല്‍കൃഷിയിറക്കി പുതുതലമുറയ്ക്ക് മാതൃകയാവാന്‍ നിരവധി കൂട്ടായ്‌മകള്‍ രംഗത്ത് ഇറങ്ങിയെങ്കിലും ഇവരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതിന് ഉത്തമ ഉദാഹരണമാണ് രാജാക്കാടിലെ നെല്‍മണി കര്‍ഷക കൂട്ടായ്‌മ എന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. കൃഷി നടത്തുന്നതിനായുള്ള ഭാരിച്ച സാമ്പത്തിക ചെലവ് താങ്ങാനാവാതെ ഈ കൂട്ടായ്‌മ കൃഷിയില്‍ നിന്നും പിന്‍മാറുന്ന അവസ്ഥയിലെത്തി. ഇന്ന് അരിക്കായി അമിത വില കൊടുത്ത് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സര്‍ക്കാര്‍ നെല്‍കൃഷിയോട് താത്‌പര്യമുള്ള കര്‍ഷകരെയോ കൂട്ടായ്‌മകളെയോ ശരിയായ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നതിന് തയ്യാറാകുന്നില്ലെന്ന എന്നാണ് ഉയർന്നുവരുന്ന ആക്ഷേപം.