മാലിന്യ കൂമ്പാരത്തിൽ നിന്നും തീറ്റ തേടി പടയപ്പ; കല്ലാറിലെ മാലിന്യ പ്ലാന്‍റ് പ്രവർത്തനം അശാസ്‌ത്രീയമെന്ന് നാട്ടുകാര്‍ - കല്ലാറിലെ മാലിന്യ പ്ലാന്‍റ് അശാസ്‌ത്രീയം
ഇടുക്കി: മാലിന്യ കൂമ്പാരത്തിൽ നിന്നും തീറ്റ തേടി പടയപ്പ. മൂന്നാറിലെ വിവിധ മേഖലകളിൽ നിന്നും ശേഖരിയ്ക്കുന്ന മാലിന്യങ്ങൾ കല്ലാറിൽ പ്രവർത്തിയ്ക്കുന്ന പ്ലാന്‍റിലാണ് എത്തിയ്‌ക്കുന്നത്. ഇവിടെ കൂട്ടിയിട്ടിരിയ്ക്കുന്ന മാലിന്യങ്ങളാണ് ആന ഭക്ഷിച്ചത്. പ്ലാന്‍റിൽ മാലിന്യങ്ങൾ സംസ്‌കരിക്കാതെ കൂട്ടിയിട്ട് കത്തിയ്ക്കുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു.
സാധാരണ ഗതിയിൽ ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കണം എന്നാണ് നിയമം. എന്നാല്‍ ഇവിടെ പ്ലാന്‍റിന് മുമ്പില്‍ കൂട്ടിയിട്ട് കത്തിയ്ക്കുകയാണ് ചെയ്യുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനവാസ മേഖലകളിൽ സ്ഥിരം സാന്നിധ്യമായ പടയപ്പ പ്ലാന്‍റിലെത്തി മാലിന്യം ഭക്ഷിയ്ക്കുകയായിരുന്നു. അതേസമയം പകർച്ച വ്യാധികൾ പടർന്ന് പിടിയ്ക്കാൻ സാഹചര്യം ഒരുക്കി മാലിന്യം കത്തിച്ച സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ വീഴ്‌ച പരിശോധിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മൂന്നാറിലെ പടയപ്പ വിളയാട്ടം: മൂന്നാർ കാടുകളിലെ ലക്ഷണമൊത്ത കൊമ്പനാണ് പടയപ്പ. വേനലായാൽ മൂന്നാറിൽ പടയപ്പ കാണും. വളരെ പ്രായമുള്ള പടയപ്പക്ക് മറ്റു ആനകളെപ്പോലെ വേനലായാൽ ഭക്ഷണം തേടി പോകാൻ സാധിക്കില്ല എന്നാണ് നാട്ടുകാർ പറയുന്നത്. പൊതുവിൽ ആളുകളെ ഉപദ്രവിക്കാത്ത പടയപ്പ മൂന്നാറിലേക്ക് വരുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി ഭക്ഷണം തെരയാറുണ്ട്. എന്നാൽ വാഹനങ്ങൾ തകർക്കാറില്ല. മൂന്നാറിലെ തേയില എസ്‌റ്റേറ്റുകളിൽ പണിയെടുക്കുന്ന തമിഴ് തൊഴിലാളികളാണ് പടയപ്പക്ക് ഈ പേര് നൽകിയത്.
തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ സമീപമുള്ള കൃഷികളൊക്കെ തിന്നുകയാണ് പടയപ്പയുടെ സ്ഥിരം രീതി. കഴിഞ്ഞ മാസം മൂന്നാർ നയമക്കാട് ദേശീയപാതയിലൂടെ എത്തിയ വാഹനങ്ങൾ പടയപ്പ തടഞ്ഞിരുന്നു. മുപ്പത് മിനിറ്റോളം റോഡിൽ നിലയുറപ്പിച്ചതിന് ശേഷമാണ് വഴിയിൽ നിന്ന് മാറിയത്. ഇതേ മാസം തന്നെയാണ് പടയപ്പ കെഎസ്ആര്‍ടിസി ബസിന്‍റെ കണ്ണാടി തകർത്തത്. പടയപ്പ നാമങ്ങാട് എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് പഴനി-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസ് ആക്രമിച്ചത്. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കില്ല.
TAGGED:
പടയപ്പ ആന