Padayani Performance At Kanakakkunnu വേറിട്ട ദൃശ്യാനുഭവമായി 'പടയണി'; നാലുപതിറ്റാണ്ടിന്‍റെ നിറപ്പകിട്ടും താളവുമായി സജികുമാറും സംഘവും - Padayani conveys the message of secularism
Published : Aug 31, 2023, 8:04 PM IST
തിരുവനന്തപുരം: കവുങ്ങിൻ പാള കൊണ്ട് കെട്ടിയ കോലവും കരി മർദയുടെ പാട്ടും കൈ മണിയും ചെണ്ടയും ചേർന്നപ്പോൾ കനകക്കുന്നിലെ സന്ദർശകർക്ക് ലഭിച്ചത് വേറിട്ട ദൃശ്യാനുഭവമായിരുന്നു (Padayani Perfomance At Kanakakkunnu). പ്രാചീന കാലത്തെ കലാരൂപമായ പടയണിയിലെ കരിമർദ കോലമാണ് തിരുവനന്തപുരത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി കെട്ടിയാടിയത്. 45 വർഷത്തോളമായി പടയണി കോലം കെട്ടുന്ന സജികുമാറും സംഘവുമാണ് കനകക്കുന്നിൽ വ്യത്യസ്‌തമായ കാഴ്‌ച ഒരുക്കിയത്. മധ്യ തിരുവിതാംകൂറിലെ നിറപ്പകിട്ടും താളവും ചേർന്ന പടയണിയിൽ മറുത, മാടൻ, പോലോത്ത ദുർദേവതകളുടെ കോലമാണ് കെട്ടിയാടുന്നത്. ചിരട്ടക്കരി, വാഴയില കരിച്ചത്, കമുകിൻ പാള എന്നിവയാലാണ് കോലത്തിന്‍റെ നിറക്കൂട്ട് ഒരുക്കുന്നത്. ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശാന്തയാക്കാൻ ശിവന്‍റെ നിര്‍ദേശപ്രകാരം ഭൂതഗണങ്ങള്‍ കോലം കെട്ടി തുള്ളിയതിന്‍റെ തുടർച്ചയാണ് ഈ കലാരൂപമെന്നാണ് ഐതിഹ്യം. രോഗകാരികളും രോഗനിവാരണികളും ആയ ഈ കോലങ്ങളെ പ്രീതിപ്പെടുത്തുന്നതിലൂടെ കരയ്‌ക്കും കരവാസികൾക്കും ഐശ്വര്യം ഉണ്ടാകും എന്നും വിശ്വാസം. നാനാജാതി മതസ്ഥരും ഒത്തുചേർന്നാൽ മാത്രമേ പടയണി കോലം ഒരുക്കാൻ സാധിക്കുകയുള്ളൂ. പ്രാചീന സംസ്‌കാരത്തിന്‍റെ പ്രതീകങ്ങളിൽ ഒന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചു വരുന്ന ഈ അനുഷ്‌ഠാന കല പുതിയ കാലത്ത് മതേതരത്വത്തിന്‍റെ സന്ദേശവും പകരുന്നുണ്ട്.