മന്ത്രിസഭ തീരുമാനം ലോകായുക്തക്ക് പരിശോധിക്കാൻ കഴിയുമോ എന്നതിലാണ് ഭിന്നാഭിപ്രായം; പി രാജീവ് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
തിരുവനന്തപുരം:മന്ത്രിസഭ തീരുമാനങ്ങളിൽ ഇടപെടാൻ അധികാരമുണ്ടോയെന്നതിലാണ് ലോകായുക്തയിൽ ഭിന്നാഭിപ്രായമെന്ന് നിയമ മന്ത്രി പി രാജീവ്. ഇക്കാര്യം ലോകായുക്തയുടെ ഫുൾ ബെഞ്ചാണ് പരിശോധിക്കുക. ഇക്കാര്യത്തിൽ സർക്കാർ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ലോകായുക്തയുടെ വിശദമായ പരിശോധനക്ക് ശേഷം കൂടുതൽ അഭിപ്രായം പറയാമെന്നും നിയമ മന്ത്രി പ്രതികരിച്ചു.
അതേസമയം ലോകായുക്തയുടേത് ലോകത്തെ നിയമപരമായ നടപടി മാത്രമാണെന്നായിരുന്നു ഇടതുമുന്നണി കൺവീനർ ഇ പി ജയരാജന്‍റെ പ്രതികരണം. ജുഡീഷ്യൽ അധികാരമുള്ള കോടതി ഒരു നിലപാട് സ്വീകരിച്ചിരിക്കുകയാണ്. അത് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും.
ലോകായുക്ത വിധി സർക്കാറിനെ ധാർമികമായി വിമർശിക്കുന്നു എന്നത് വ്യാഖ്യാനം മാത്രമാണ്. പത്രത്തിൽ വ്യാഖ്യാനിക്കുന്നത് തെറ്റായ നടപടിയാണെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ക്ക് പണം വക മാറ്റിയെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് വിധി പറയാതെ ലോകായുക്ത ഫുള്‍ ബഞ്ചിന് കൈമാറിയത്. കേസ് പരിഗണിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ ഭിന്ന വിധിയില്‍ ഉറച്ചു നിന്നതോടെ വിധി പറയുന്നതിനു പകരം കേസ് മൂന്നംഗ ഫുള്‍ ബഞ്ചിനു കൈമാറുകയായിരുന്നു.