'ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ യാത്രയയപ്പ് വിവാദമാക്കേണ്ടതില്ല'; മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നതെന്ന് പി രാജീവ്
തിരുവനന്തപുരം:ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് കോവളത്തെ ഹോട്ടലില്‍ സർക്കാർ യാത്രയയപ്പ് നൽകിയത് വിവാദമാക്കേണ്ടതില്ലെന്ന് നിയമ മന്ത്രി പി രാജീവ്. സാധാരണ നടക്കുന്ന ഒരു യാത്രയയപ്പ് മാത്രമാണ് സർക്കാർ നൽകിയത്. അതിൽ പുകമറ സൃഷ്‌ടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പല സംസ്ഥാനങ്ങളിലും ഇത്തരം യാത്രയയപ്പുകൾ നടക്കാറുണ്ട്. പ്രധാനമന്ത്രി സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായും മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും ഔദ്യോഗികമായി തന്നെ കൂടിക്കാഴ്‌ചകൾ നടത്താറുണ്ട്. ഇതെല്ലാം ഒരു സംവിധാനത്തിന്‍റെ ഭാഗം മാത്രമാണ്. അനാവശ്യമായ ഒരു പുകമറ സൃഷ്‌ടിക്കേണ്ട കാര്യമില്ല. ഒരു യാത്രയയപ്പ് ചടങ്ങ് മറ്റ് രീതിയിൽ ചിത്രീകരിക്കുന്നത് അവരുടെ അനുഭവം കൊണ്ടാണ്. യാത്രയയപ്പ് ചടങ്ങിനെതിരെ സുപ്രീംകോടതിയെ സമീപിച്ചവർ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് പരാതിക്കാരനോട് തന്നെ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും:ഈ മാസം 23ന് വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇന്നലെയാണ് കോവളത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്. ഇത് അസാധാരണമായ ഒരു യാത്രയയപ്പ് ചടങ്ങായിരുന്നു. നേരത്തെയുള്ള ഒരു ചീഫ് ജസ്റ്റിസുമാർക്കും ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു ഔദ്യോഗിക യാത്രയയപ്പ് നൽകിയിരുന്നില്ല. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ എത്തിയിരുന്നു.
ഈ ചടങ്ങിന് എതിരെയാണ് സാമൂഹ്യപ്രവർത്തകനായ സാബു സ്റ്റീഫൻ രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും പരാതി നൽകിയത്. ജുഡീഷ്യൽ ചട്ടങ്ങളുടേയും മുൻകാല സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണ് നടന്നതെന്നും സർക്കാർ ഉപകാര സ്‌മരണയിൽ നടത്തിയ ചടങ്ങാണെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. പെരുമാറ്റച്ചട്ടങ്ങളെ ലംഘിച്ച ചീഫ് ജസ്റ്റിസിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നൽകിയ സർക്കാർ നടപടിയെ പ്രതിപക്ഷവും വിമർശിച്ചിട്ടുണ്ട്.