'സുകുമാരൻ നായരുടെ മൂക്കിലെ കണ്ണട ശാസ്ത്രത്തിന്‍റെ ഭാഗം'; മിത്ത് വിവാദത്തിൽ സിപിഎം ഒന്നും തിരുത്തിയിട്ടില്ലെന്ന് പി ജയരാജൻ - മിത്ത് വിവാദം
കാസർകോട് :മിത്ത് വിവാദത്തിൽ സിപിഎം ഒന്നും തിരുത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. സംസ്ഥാന സെക്രട്ടറി തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. സുകുമാരൻ നായരുടെ നെറ്റിയിലെ പൊട്ട് വിശ്വാസമാണ്. എന്നാൽ അതിന് താഴെ മൂക്കിലെ കണ്ണട ശാസ്ത്രത്തിന്‍റെ ഭാഗമെന്നും ജയരാജൻ പറഞ്ഞു. വിശ്വാസത്തിന്‍റെ പേരിൽ ശാസ്ത്രത്തെ ഇകഴ്ത്താനാണ് ശ്രമം. ഒരു ദൈവത്തെയും ഷംസീർ ആക്ഷേപിച്ചിട്ടില്ല. ഐതിഹ്യത്തെയും പുരാണങ്ങളെയും കമ്മ്യൂണിസ്റ്റ് പാർട്ടി എതിർത്തിട്ടില്ല. അതിനാൽ തന്നെ ഷംസീർ മാപ്പു പറയണ്ട ആവശ്യമില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു. നേരത്തെ സ്‌പീക്കറുടെ പേര് നാഥുറാം ഗോഡ്‌സെ എന്നായിരുന്നെങ്കിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിച്ചേനെയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും പരിഹരിച്ചിരുന്നു. മിത്ത് പരാമർശത്തിൽ സ്‌പീക്കർ നിലപാട് തിരുത്തണമോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ആരും ഒന്നും തിരുത്തിയിട്ടില്ലെന്നും സ്‌പീക്കർ പറഞ്ഞത് വ്യക്തമാണെന്നും ഷംസീർ പറഞ്ഞു. ഒരു മതവിശ്വാസത്തിനെതിരെയും സ്‌പീക്കർ സംസാരിച്ചിട്ടില്ലെന്നും വളരെ ബോധപൂർവം സംഘപരിവാർ അവരുടെ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഷംസീർ കൂട്ടിച്ചേർത്തു.