P C George On K Sudhakaran Condolence Message 'ഞാൻ ജീവിച്ചിരിപ്പുണ്ട്', സുധാകരനെ തെറ്റിധരിപ്പിച്ചതാണ്', അനുശോചന സന്ദേശത്തില്‍ പ്രതികരിച്ച് പിസി ജോര്‍ജ് - കെ സുധാകരൻ
Published : Sep 24, 2023, 9:39 PM IST
കോട്ടയം :സംവിധായകൻ കെ ജി ജോർജിന്‍റെ നിര്യാണത്തിൽ ആളുമാറിയുള്ള കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ (K Sudhakaran) അനുശോചന സന്ദേശത്തിന് മറുപടിയുമായി മുൻ എംഎൽഎ പി സി ജോർജ് (P C George). താന്‍ ജീവിച്ചിരിപ്പുണ്ടെന്നും താന്‍ മരിച്ചെന്ന് ആരോ സുധാകരനെ തെറ്റിധരിപ്പിക്കുകയായിരുന്നെന്നാണ് പി സി ജോര്‍ജിന്‍റെ പ്രതികരണം. ഇന്ന് രാവിലെ കെ ജി ജോർജിന്‍റെ മരണം സംബന്ധിച്ച് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോഴാണ് കെ സുധാകരന് ആളുമാറിയത്. നല്ലൊരു പൊതുപ്രവർത്തകനും രാഷ്‌ട്രീയ നേതാവുമായിരുന്നു അദ്ദേഹം എന്നായിരുന്നു സുധാകരന്‍റെ പ്രതികരണം. സുധാകരൻ അനുശോചനം രേഖപ്പെടുത്തിയത് പിസി ജോർജിനാണെന്ന രീതിയിലാണ് ഈ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചത്. ഇതിനുള്ള മറുപടിയാണ് പി സി ജോർജ് നൽകിയത്. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. പ്രിയങ്കരനായ സുധാകരന്‍ എന്‍റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിധരിപ്പിച്ച് ഞാന്‍ മരിച്ചെന്ന് അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ദുഃഖത്തോടെയുള്ള സംസാരം കേള്‍ക്കാനിടയായി. ഞാനപ്പോള്‍ പള്ളിയില്‍ കുര്‍ബാന കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആളുകള്‍ ഓടി വന്ന് എന്നെ വിളിച്ച് പറഞ്ഞപ്പോഴാണ് ഇറങ്ങി വന്നത്. സുധാകരനെ പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിധരിപ്പിക്കുന്ന വ്യക്തികള്‍ ശരിയാണോ ഈ ചെയ്യുന്നതെന്ന് ഓര്‍ക്കണം. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. ഏതായാലും വളരെ നന്ദി. നല്ല മനുഷ്യനാണ് സുധാകരന്‍ അദ്ദേഹത്തെ തെറ്റിധരിപ്പിക്കരുതെന്നും പി.സി. ജോര്‍ജ് പറഞ്ഞു. അമളി പറ്റിയത് മനസിലായതിന് പിന്നാലെ സുധാകരൻ ഫേസ്‌ബുക്കിലൂടെ തെറ്റുപറ്റിയതായി ഏറ്റുപറഞ്ഞിരുന്നു.