Oommen chandy Puthupally house | നിശ്ചലമായി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ്; പൊതുദർശനത്തിന് ഒരുക്കങ്ങൾ
തിരുവനന്തപുരം :പ്രിയ നേതാവ് ഇനിയില്ല. ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസ് നിശ്ചലമായ അവസ്ഥയിൽ. ജനകീയനായ രാഷ്ട്രീയ നേതാവിനെ കാണാനും വിഷമങ്ങൾ അറിയിക്കാനുമായി ആയിരങ്ങൾ എത്തിയിരുന്ന പുതുപ്പള്ളി ഹൗസ് ഇപ്പോൾ ദുഃഖം തളംകെട്ടിയ അവസ്ഥയിലാണ്.
ബെംഗളൂരുവിൽ നിന്നും എത്തിക്കുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കാനുള്ള ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്. കുടുംബം ഉമ്മൻ ചാണ്ടിക്കൊപ്പം ബെംഗളൂരുവിൽ ആയതിനാൽ ഇവിടെ ജീവനക്കാരും ചുരുക്കം ചില കോൺഗ്രസ് പ്രവർത്തകരുമാണുള്ളത്. പൊതുദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.
1980 മുതൽ നിയമസഭ അംഗമായ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ പല നിർണായകമായ തീരുമാനങ്ങൾക്കും സാക്ഷിയായ വസതിയാണ് പുതുപ്പള്ളി ഹൗസ്. പുതുപ്പള്ളിയോടുള്ള തന്‍റെ ഇഷ്‌ടം കൊണ്ട് തന്നെയാണ് തിരുവനന്തപുരത്തെ വസതിക്കും ഉമ്മൻചാണ്ടി പുതുപ്പള്ളി ഹൗസ് എന്ന പേര് നൽകിയത്. ഉമ്മൻചാണ്ടിയുടെ ചിത്രങ്ങളാണ് ഈ വീട്ടിൽ നിറയെ.
ഇന്ന് (18.07.23) പുലർച്ചെയോടെയാണ് ഉമ്മൻചാണ്ടി വിടവാങ്ങിയത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് പുലർച്ചെ 4.25നായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ അർധ രാത്രിയോടെ ആരോഗ്യ നില വഷളാകുകയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.