Tutumon Artist | വീഴ്‌ചയില്‍ തളർന്നില്ല, ഉമ്മൻചാണ്ടിക്ക് ആദരമാണ് ഈ നൂല്‍ ചിത്രം - ടുട്ടുമോൻ നൂൽ ചിത്രം
ഇടുക്കി :മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രം നൂല്‍ ഉപയോഗിച്ച് ഒരുക്കിയിരിക്കുകയാണ് ഇടുക്കിയില്‍ നിന്നൊരു കലാകാരന്‍. നെടുങ്കണ്ടം തൂക്കുപാലം സ്വദേശിയായ ടുട്ടുമോനാണ് കരവിരുതില്‍ ചിത്രം ഒരുങ്ങിയത്. 8000 മീറ്റര്‍ നൂല്‍ ഉപയോഗിച്ചാണ് ചിത്രം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ക്യാന്‍വാസില്‍ മുന്‍ കൂട്ടി രൂപ രേഖ തയ്യാറാക്കാതെ കൃത്യമായ അളവില്‍ ആണി തറച്ച്, അവയില്‍ നൂല്‍ ബന്ധിച്ചാണ് ചിത്രം ഒരുക്കിയത്. 244 ആണിയും 8000 മീറ്റർ നൂലും ചിത്രത്തിന്‍റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചു. ആണികള്‍ തമ്മില്‍ ബന്ധിപ്പിച്ച് 4500 ലധികം ചുറ്റുകളാണ് ചിത്രത്തിലുള്ളത്. ആറ് ദിവസം കൊണ്ടാണ് സുഹൃത്തുക്കളുടേയും മാതാപിതാക്കളുടേയും സഹായത്തോടെ ടുട്ടുമോന്‍ ജനനായകന്‍ ഉമ്മന്‍ ചാണ്ടിയുടെ നൂല്‍ ചിത്രം ഒരുക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെയിന്‍റിംഗ് ജോലിയ്ക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ ടുട്ടുമോന്‍ രണ്ട് വര്‍ഷത്തോളം അരയ്‌ക്ക് താഴേയ്‌ക്ക് തളര്‍ന്ന് കിടപ്പിലായിരുന്നു. എന്നാൽ വിധിയില്‍ തളരാതെ ചിത്ര രചന കൊണ്ട് ജീവിതം പുതിയ ദിശയിലേയ്‌ക്ക് കൊണ്ടുപോകുകയാണ് ഈ യുവാവ്. വൈവിധ്യമാര്‍ന്ന ചിത്ര രചന രീതികളിലൂടെ മുന്‍പും ടുട്ടുമോൻ ശ്രദ്ധ നേടിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ചിത്രം അദ്ദേഹത്തിന്‍റെ കുടുംബത്തിന് സമ്മാനിയ്‌ക്കണമെന്ന ആഗ്രഹത്തിലാണ് ഈ യുവാവ്.