Oommen Chandy | കനത്ത മഴയിലും കാത്തുനിന്ന് പതിനായിരങ്ങള്‍; ഉമ്മൻചാണ്ടിക്ക് അതിവൈകാരികമായി വിടചൊല്ലി കൊട്ടാരക്കര - കൊട്ടാരക്കര
കൊല്ലം: ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കൊല്ലം ജില്ലയിലെ എംസി റോഡിന് സമീപം തോരാമഴയിലും മണിക്കൂറുകൾ വഴിയോരത്ത് കാത്ത് നിന്ന് പതിനായിരങ്ങൾ. ജില്ലയിലെ ആദ്യ കേന്ദ്രമായ നിലമേലിൽ തന്നെ ആയിരങ്ങൾ പ്രിയ നേതാവിനെ കാണാനെത്തി. വിലാപയാത്ര മംഗലത്ത് എത്തിയപ്പോൾ കനത്ത മഴയിലും നിരവധിപേർ കാത്തുനിന്നു. തുടർന്ന് വാളകം പിന്നിട്ട് കൊട്ടാരക്കര വിലാപയാത്ര എത്തിയപ്പോഴും നിരവധിപേർ കാത്തുനിന്നു.
കൊല്ലം ഡിസിസിയുടെ ഔദ്യോഗിക അന്ത്യാഞ്ജലി അർപ്പിക്കലും കൊട്ടാരക്കരയിലാണ് നടന്നത്. ബാലകൃഷ്‌ണപിള്ളയുമായി ചേർന്ന് യുഡിഎഫ് മുന്നണി കെട്ടിപ്പടുത്ത ഉമ്മൻ ചാണ്ടി കൊട്ടാരക്കരയിൽ നിരവധി തവണ നേരിട്ടെത്തി പ്രസംഗിച്ച സ്ഥലം കൂടിയാണ്. പ്രിയ നേതാവിന്‍റെ രാഷ്ട്രീയ പ്രസംഗം കേട്ട കൊട്ടാരക്കരക്കാർ ഏറെ വികാരാധീനരായാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. കൊട്ടാരക്കര വരെയുള്ള 70 കിലോമീറ്റര്‍ 12 മണിക്കൂര്‍ സമയമെടുത്താണ് വിലാപയാത്ര പിന്നിട്ടത്.
രാവിലെ 10.30 ന് വിലാപയാത്ര കൊട്ടാരക്കര എത്താനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നതെങ്കില്‍ രാത്രി 7.30 നാണ് എത്താനായത്. അടൂർ, ചെങ്ങന്നൂർ, തിരവല്ല എന്നിവ പിന്നിടുന്നതോടെ വിലാപയാത്ര ഉമ്മൻ ചാണ്ടിയുടെ സ്വന്തം തട്ടകമായ കോട്ടയത്തെത്തും. കോട്ടയം ജില്ലയില്‍ തിരുനക്കര മൈതാനത്താണ് ആദ്യ പൊതുദർശനം.
Also Read: Oommen Chandy | തലസ്ഥാനനഗരിയോട് വിടപറഞ്ഞ് ഉമ്മൻ ചാണ്ടി; അവസാന നോക്കുകാണാന്‍ ഒഴുകുന്നത് പതിനായിരങ്ങള്‍