Oommen Chandy funeral procession | നിത്യതയിലലിയാൻ പുതുപ്പള്ളിയില്‍, ജനസഹസ്രം സാക്ഷി - രാഹുൽ ഗാന്ധി
കോട്ടയം: എന്നും ജനക്കൂട്ടത്തിനു നടുവിൽ നിന്ന ഉമ്മൻ ചാണ്ടി എന്ന മഹാനായ നേതാവിന്‍റെ ഭൗതിക ദേഹം വൻ ജനാവലിയെ സാക്ഷിയാക്കി പുതുപ്പള്ളി ഗ്രാമത്തിലെത്തി. അദ്ദേഹത്തിൻ്റെ ഭൗതിക ദേഹം വഹിച്ചുകൊണ്ടുള്ള കെഎസ്ആർടിസി ബസിന് മുന്നോട്ടു പോകുന്നതിന് ജനക്കൂട്ടം തടസമായി. ജനങ്ങളുടെ മുദ്രാവാക്യം വിളിക്കും വികാരപ്രകടനത്തിനും നടുവിലൂടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ബസിന് മുന്നോട്ടു പോകാൻ ഏറെ പണിപ്പെടേണ്ടി വന്നു. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ പതിനായിരങ്ങള്‍ തടിച്ചു കൂടിയതോടെ സമയക്രമം തെറ്റി വൈകിട്ട് അഞ്ചരയ്‌ക്കാണ് മൃതദേഹം പുതുപ്പള്ളിയില്‍ എത്തിയത്. കേരളത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ ആബാല വൃദ്ധം ജനങ്ങൾ രാഷ്‌ട്രീയ ഭേദമന്യേ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാന്‍ കാത്തുനിന്നു. പൂഴി നിലത്തിട്ടാൽ താഴെ വീഴാത്തത്ര ജനനിബിഡമായിരുന്നു പുതുപ്പള്ളി. തറവാട്ടു വീടായ കരോട്ടു വള്ളക്കാലിലും അദ്ദേഹത്തിനായി നിർമാണം ആരംഭിച്ച വീട്ടിലും മൃതദേഹം എത്തിച്ച ശേഷം പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ രാത്രിയോടെ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം നടക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി പുതുപ്പള്ളിയില്‍ എത്തി.