കേരളം

kerala

ഉമ്മൻ ചാണ്ടി കോളനി

ETV Bharat / videos

'ഉമ്മൻ ചാണ്ടി കോളനി'; ഭൂമി നേടിത്തന്ന തങ്ങളുടെ പ്രിയ നേതാവിനെ ജനങ്ങൾ ആദരിച്ചത് ഇങ്ങനെ..

By

Published : Jul 19, 2023, 7:13 AM IST

Updated : Jul 19, 2023, 7:57 AM IST

ഇടുക്കി : ഇടുക്കിക്കാർക്കും പ്രിയപ്പെട്ടവനായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ ഒരു കോളനി തന്നെയുണ്ട്. കോളനിയിലെ താമസക്കാർക്ക് ഭൂമി അനുവദിക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ ശ്രമങ്ങളാണ് ഈ പേര് നൽകാൻ കാരണം. ഉമ്മൻ ചാണ്ടിയുടെ വിയോഗ വാർത്ത ഇപ്പോഴും കോളനി നിവാസികൾക്ക് വിശ്വസിക്കാനായിട്ടില്ല.

1969 ൽ ഇടുക്കി കഞ്ഞിക്കുഴിയിലെ ആദിവാസികൾക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കരിമ്പൻ ജോസിന്‍റെ നേതൃത്വത്തിൽ സമരം തുടങ്ങി. ഏഴ് വർഷം നീണ്ട സമരങ്ങൾക്കൊടുവിൽ 1976ൽ മഴുവടിയിൽ 39 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകാൻ സർക്കാർ തീരുമാനിച്ചു. 

പോരാട്ടങ്ങൾക്ക് സർക്കാർ തലത്തിലും രാഷ്ട്രീയ തലത്തിലും നേരിട്ട തടസങ്ങൾ നീക്കി സഹായിച്ചത് അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു. ആദിവാസികളുടെ ഭൂമിക്ക് പട്ടയം നൽകാൻ പാടില്ലെന്ന നിയമം മറികടക്കാൻ ഭൂമി റവന്യു വകുപ്പിന് കൈമാറിയാണ് പട്ടയം അനുവദിച്ചത്. 

സി അച്യുതമേനോൻ ആയിരുന്നു മുഖ്യമന്ത്രി. ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായി മഴുവടിയിൽ ആദിവാസികൾക്ക് അനുവദിച്ചു കിട്ടിയ ഭൂമിയിൽ കോളനി രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി കോളനി എന്നു പേര് നൽകാൻ കരിമ്പൻ ജോസിന്‍റെ നേതൃത്വത്തിൽ തീരുമാനിക്കുകയായിരുന്നു.

സ്വന്തം പേരിലുള്ള ഈ കോളനിയിൽ മൂന്നു തവണയേ ഉമ്മൻ ചാണ്ടി എത്തിയിട്ടുള്ളൂ. കോളനിക്കാരുടെ മനസിൽ അദ്ദേഹം ദൈവതുല്യനാണ്. കോളനി രൂപം കൊണ്ട സമയത്ത് യൂത്ത് കോൺഗ്രസ് നേതാവായാണ് ആദ്യം എത്തിയത്. മൂന്ന് പതിറ്റാണ്ടിന് ശേഷം 2014 ൽ മുഖ്യമന്ത്രി ആയിട്ടായിരുന്നു രണ്ടാം വരവ്. 

പരമ്പരാഗത കൂത്തും വാദ്യമേളങ്ങളുമൊക്കെയായാണ് അവർ തങ്ങളുടെ കോളനിയുടെ പേരുകാരനെ സ്വീകരിച്ചത്. റോഡ്‌ തകർന്നതും ശുദ്ധജല പ്രശ്‌നവും വീടില്ലാത്തതും ഉൾപ്പെടെ ഒട്ടേറെ ആവശ്യങ്ങൾ കോളനിക്കാർ മുഖ്യമന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചു. തുടർന്ന് അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയും അനുവദിച്ചു. 

2017 ഓഗസ്റ്റ് 22 ന് കരിമ്പൻ ജോസിന്‍റെ മരണ ശേഷമാണ് ഉമ്മൻ ചാണ്ടി അവസാനമായി ഇവിടെ എത്തിയത്. ഉമ്മൻ ചാണ്ടിയുടെ മരണ വാർത്ത വിശ്വസിക്കാൻ ഇവർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കോളനിയിലെ കമ്മ്യൂണിറ്റി ഹാളിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചനയും ആദിവാസികളുടെ പരമ്പരഗത രീതിയിലുള്ള പ്രാർഥനയും നടത്തിയാണ് പ്രിയ നേതാവിന് ഇവിടുത്തുകാര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചത്.

Last Updated : Jul 19, 2023, 7:57 AM IST

ABOUT THE AUTHOR

...view details