Job Fraud | 'മകൾക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് 15 ലക്ഷം തട്ടി'; പ്രശാന്ത് ബാബുവിനെതിരെ ഗുരുതര ആരോപണവുമായി വയോധിക - പ്രശാന്ത് ബാബുവിനെ ഗുരുതര ആരോപണം
കണ്ണൂർ :കെപിസിസി അധ്യക്ഷന്‍കെ സുധാകരനെതിരായ വിജിലന്‍സ് കേസിലെ പരാതിക്കാരനും അദ്ദേഹത്തിന്‍റെ മുൻ ഡ്രൈവറുമായ പ്രശാന്ത് ബാബുവിനെതിരെ ഗുരുതര ആരോപണവുമായി വയോധിക രംഗത്ത്. മകൾക്ക് ജോലി ശരിയാക്കാം എന്ന് വാഗ്‌ദാനം നൽകി പണം തട്ടിയെന്നാണ് ആരോപണം. 2018ല്‍ മൊറാഴ യുപി സ്‌കൂളിലെ ജോലിയുടെ പേരിലായിരുന്നു തട്ടിപ്പെന്നും 15 ലക്ഷം നല്‍കിയെന്നും പരാതിക്കാരിയായ സത്യവതി പറയുന്നു.
ഒരു ബന്ധു മുഖേനയാണ് പ്രശാന്ത് ബാബുവിനെ പരിചയപ്പെട്ടതെന്നും ഒരു വർഷത്തിനിടെ പലതവണയായാണ് 15 ലക്ഷം രൂപ കൈമാറിയതെന്നും സത്യവതി ആരോപിക്കുന്നു. പണമായും ചെക്കായുമാണ് 15 ലക്ഷം രൂപ കൈമാറിയത്. എന്നാൽ, പിന്നീട് ജോലി ലഭിച്ചില്ല. പണം എവിടെയാണെന്ന് ചോദിച്ചപ്പോൾ പ്രശാന്ത് ബാബു ഒഴിഞ്ഞുമാറി. ഫോൺ എടുക്കാതെയുമായി. ഇതോടെയാണ് കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകേണ്ട സാഹചര്യം ഉണ്ടായത്.
അതോടെ, ഓരോ മാസവും രണ്ടുലക്ഷം രൂപ വീതം തന്നുതീർക്കാമെന്ന് പ്രശാന്ത് ബാബു ഉറപ്പുനൽകിയെങ്കിലും ഒന്നുമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. കെ സുധാകരനെതിരെ പ്രശാന്ത് ബാബു തിരിയുമ്പോഴാണ് സത്യവതി രംഗത്തെത്തിയത് എന്നും ശ്രദ്ധേയമാണ്. സ്‌കൂളിൽ ഒരു അധ്യാപികയുടെ ഒഴിവുണ്ട്. അവർക്ക് ഡൊണേഷനായി 15 ലക്ഷം രൂപ തത്‌കാലം കൊടുക്കണം എന്നാണ് പ്രശാന്ത് ബാബു പറഞ്ഞത്. ലോണെടുത്തും പുറമെ നാലും അഞ്ചും ദിവസം കൊണ്ട് ബുദ്ധിമുട്ടിയുമാണ് പണം ഉണ്ടാക്കിയതെന്നും എത്രയുംവേഗം അത് തിരിച്ചുകിട്ടണമെന്നുമാണ് സത്യവതി പറയുന്നത്.
ചെക്കിന്‍റെ പകര്‍പ്പ് പരസ്യപ്പെടുത്തി സത്യവതി :നാല് മക്കളാണ് തനിക്കുള്ളതെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പണം കിട്ടിയേ മതിയാകൂവെന്നും വയോധിക ആവശ്യപ്പെട്ടു. ജീവിക്കാൻ വലിയ പ്രതിസന്ധിയാണ്. ഇതിൽ പൊലീസ് ഇടപെടണം. പലപ്പോഴും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും മക്കളുടെ കാര്യം ഓർത്താണ് അതിലേക്ക് പോകാത്തതെന്നും വൈകാരികതയോടെ സത്യവതി പറയുന്നു.
തെളിവുകൾ നിരത്തിയാണ് ഇവര്‍ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. അന്ന് കൈമാറിയ ചെക്കിന്‍റെ പകർപ്പും മാധ്യമങ്ങൾക്ക് മുന്നില്‍ പ്രദർശിപ്പിച്ചു. അതിനിടെ കെ സുധാകരനെതിരെ പ്രശാന്ത് ബാബു ഉന്നയിച്ച ആരോപണത്തിൽ വിജിലൻസ് മൊഴി എടുക്കുന്നത് ശനിയാഴ്‌ചത്തേക്ക് മാറ്റി. കൂടുതൽ തെളിവുകൾ നൽകി ഹാജരാകാം എന്ന പ്രശാന്തിന്‍റെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് ഇത്.