കൊല്ലത്ത് കാട്ടുപോത്തിന്‍റെ ആക്രമണം; 60കാരന് ദാരുണാന്ത്യം
കൊല്ലം: ഇടമുളക്കലിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വയോധികന്‍ മരിച്ചു. കൊടിഞ്ഞൽ സ്വദേശിയായ വര്‍ഗീസാണ് (60) മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ രണ്ട് കാട്ടുപോത്തുകള്‍ പാഞ്ഞടുത്ത് വര്‍ഗീസിനെ കുത്തുകയായിരുന്നു.
റബര്‍ തോട്ടത്തിലുണ്ടായിരുന്ന പാറക്കൂടത്തിന് പിറകില്‍ നിന്നാണ് കാട്ടുപോത്തുകള്‍ എത്തിയത്. ആക്രമണത്തിനിടെ കാട്ടുപോത്തില്‍ ഒന്ന് സ്ഥലത്ത് കുഴഞ്ഞ് വീണു ചത്തു. ആക്രമണത്തില്‍ വര്‍ഗീസിന്‍റെ വയറിന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്‌ച രാവിലെയാണ് വര്‍ഗീസ് വിദേശത്ത് നിന്ന് കൊടിഞ്ഞലിലെ വീട്ടിലെത്തിയത്.
മേഖലയില്‍ രണ്ട് കാട്ടുപോത്തുകള്‍ എത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തിന് ശേഷം ഒരെണ്ണം വനത്തിലേക്ക് തിരികെ പോയതായാണ് സൂചന. സംഭവത്തെ തുടര്‍ന്ന് ഫോറസ്‌റ്റ് ഉദ്യോഗസ്ഥരും ചടയമംഗലം പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കോട്ടയത്തും സമാന സംഭവം: എരുമേലി കണമലയിലുണ്ടായ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ രണ്ട് വയോധികര്‍ കൊല്ലപ്പെട്ടു. എരുമേലി സ്വദേശികളായ ചാക്കോച്ചന്‍ (65), തോമസ് (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ചാക്കോച്ചന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ച തോമസ് ചികിത്സക്കിടെയാണ് മരിച്ചത്.