Nurses Attacked | തൃശൂരില്‍ നഴ്‌സുമാര്‍ക്ക് ഡോക്‌ടറുടെ മര്‍ദനം; ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക് - kerala news updates
തൃശൂര്‍:ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് ജില്ല ലേബര്‍ ഓഫിസില്‍ നടന്ന ചര്‍ച്ചക്കിടെ നഴ്‌സുമാര്‍ക്ക് നേരെ ഡോക്‌ടറുടെ മര്‍ദനം. കൈപ്പറമ്പിലെ നൈൽ ഹോസ്‌പിറ്റൽ എം.ഡി ഡോ. അലോകാണ് നഴ്‌സുമാരെ ആക്രമിച്ചത്. മര്‍ദനത്തില്‍ ഗര്‍ഭിണിയായ നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്. ശമ്പള കുടിശിക കൃത്യമായി ലഭിക്കാത്തതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് ലേബര്‍ ഓഫിസില്‍ ചര്‍ച്ചയായത്. ഇതിനിടെയായിരുന്നു ഡോക്‌ടറുടെ മര്‍ദനം. യൂണിയനില്‍ അംഗത്വം എടുത്തതാണ് മര്‍ദനത്തിന് കാരണമെന്ന് നഴ്‌സുമാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രി ഉടമക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പണിമുടക്ക് അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. മര്‍ദനത്തില്‍ പരിക്കേറ്റ നഴ്‌സുമാര്‍ തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മര്‍ദനത്തിനിരയാകുന്നുണ്ട്. ഈ വര്‍ഷം ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വനിത നഴ്‌സിന് രോഗിയുടെ കൂട്ടിരിപ്പുകാന്‍റെ മര്‍ദനമേറ്റിരുന്നു. സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ സമരം നടത്തിയിരുന്നു.