രാജ്യത്തെ 499 കേന്ദ്രങ്ങളില്‍ നീറ്റ് പരീക്ഷ പുരോഗമിക്കുന്നു ; കേരളത്തിൽ ഒന്നര ലക്ഷം വിദ്യാർഥികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നീറ്റ് പരീക്ഷ പുരോഗമിക്കുന്നു. ദേശീയതലത്തിൽ മെഡിക്കൽ യുജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5.20 വരെയാണ് നടക്കുന്നത്. രാജ്യത്തെ 499 കേന്ദ്രങ്ങളിലായി 20 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. കേരളത്തിൽ ഒന്നര ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.
പൂർണമായ സുരക്ഷ സന്നാഹങ്ങളോടെയാണ് ഇത്തവണയും നീറ്റ് എക്‌സാമിന് കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. പരീക്ഷയ്ക്കായി വരുന്ന വിദ്യാർഥികൾ വാച്ച്, മൊബൈൽ ഫോൺ, പെൻഡ്രൈവ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പരീക്ഷാഹാളിലേക്ക് കൊണ്ടുവരാൻ പാടില്ല. പരീക്ഷാഹാളിൽ പാലിക്കേണ്ട മറ്റും നിർദേശങ്ങൾ നേരത്തെ തന്നെ വിദ്യാർഥികൾക്ക് നൽകിയിരുന്നു.
സുതാര്യമായ വാട്ടർ ബോട്ടിലുകൾ, മാസ്‌ക്, ഹാൻഡ് സാനിറ്റൈസർ, അത്യാവശ്യ മരുന്നുകൾ എന്നിവ വിദ്യാർഥികൾക്ക് കയ്യിൽ കരുതാം. പ്രമേഹം ഉണ്ടെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത്യാവശ്യത്തിന് പഴങ്ങളും ഷുഗർ ടാബ്‌ലറ്റും പരീക്ഷ ഹാളിൽ കൊണ്ടുവരാമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു.
ഇയർഫോൺ, മൈക്രോഫോൺ, പേജർ, കൂളിങ് ഗ്ലാസ്, എടിഎം കാർഡ്, വാച്ച്, ബ്രേസ്‌ലെറ്റ്, തൊപ്പി, ഹാൻഡ് ബാഗ്, ആഭരണങ്ങൾ, ലോഹവസ്‌തുക്കൾ എന്നിവ പരീക്ഷ ഹാളിൽ വിലക്കിയിട്ടുണ്ട്. അതോടൊപ്പം വിദ്യാർഥികൾ കൃത്യമായി ഡ്രസ് കോഡ് പാലിക്കാനും നിർദേശം നൽകിയിരുന്നു. ഹീൽ ചെരിപ്പുകളോ ഷൂസോ ഉപയോഗിക്കരുതെന്നുo മതാചാരപ്രകാരമുള്ള വിശേഷ വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധനയ്ക്ക് വിധേയരാകാൻ 12 മണിക്ക് എങ്കിലും പരീക്ഷ കേന്ദ്രങ്ങളിൽ എത്തണമെന്നും നിർദേശം നൽകിയിരുന്നു. നീണ്ട കൈയുള്ളതും വലിയ ബട്ടൺ പിടിപ്പിച്ചതുമായ വസ്ത്രങ്ങളും പരീക്ഷ എഴുതുമ്പോൾ ധരിക്കാൻ പാടില്ല.
ഒരു പരീക്ഷാഹാളിൽ ചുരുങ്ങിയ എണ്ണം വിദ്യാർഥികളെ മാത്രമേ പരീക്ഷയ്ക്കായി ഇരുത്തുകയുള്ളൂ. പരീക്ഷാ സെന്‍ററിന് ചുറ്റും പൊലീസുകാരുടെ കാവൽ അടക്കം ഉറപ്പുവരുത്തിയിട്ടുണ്ട്. ഗേറ്റിന് അരികിൽ വച്ച് ഹാൾടിക്കറ്റിന്‍റെയും ഇലക്ട്രോണിക് മെഷീനിന്‍റെയും പരിശോധനയ്ക്ക് ശേഷമാണ് കുട്ടിയെ പരീക്ഷ കോമ്പൗണ്ടിനുള്ളിലേക്ക് കയറ്റിവിടുകയുള്ളൂ.