നിയമന ശുപാർശ ലഭിച്ചിട്ടും പിഎസ്‌സിയുടെ അനാസ്ഥ മൂലം ജോലിയില്ല; നിയമക്കുരുക്കിൽ പെട്ട് ഉദ്യോഗാർഥികൾ - ജോലി
കാസർകോട്:നിയമന ശുപാർശ ലഭിച്ചിട്ടും പിഎസ്‌സിയുടെ അനാസ്ഥ മൂലം ജോലിയിൽ പ്രവേശിക്കാനാകുന്നില്ലെന്ന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിത ഉദ്യോഗാർഥികളുടെ പരാതി. റാങ്ക് ലിസ്‌റ്റിലുള്ള മറ്റ് രണ്ട് പേർക്ക് നിയമന ശുപാർശ മാറി അയച്ചതാണ് കാസർകോട് ജില്ലയിലെ വെസ്‌റ്റ് ഏളേരി സ്വദേശിനികളായ നിത്യ, മിഥുല എന്നിവരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. പരാതി നൽകി മൂന്നുമാസം കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും ഒരു മറുപടിയും ലഭിക്കുന്നില്ലെന്ന് ഇവർ പറയുന്നു.
കാറ്റഗറി നമ്പർ 250/2020 സ്‌റ്റാഫ് നഴ്‌സ് ഗ്രേഡ് 2 തസ്‌തികയിലേക്ക് നടന്ന പരീക്ഷയിൽ എസ് ടി വിഭാഗത്തിൽ ആദ്യ രണ്ട് റാങ്ക് നേടിയവരാണ് നിത്യയും മിഥുലയും. നിയമ പ്രകാരം ആദ്യം ജോലി ലഭിക്കേണ്ടത് ഇവർക്കാണ്. എന്നാൽ പിഎസ്‌സി നിയമന ശുപാർശ നൽകിയതാകട്ടെ റാങ്ക് ലിസ്‌റ്റിലുൾപ്പെട്ട മറ്റ് രണ്ട് പേർക്കും. നിയമന ഉത്തരവ് ലഭിച്ച് ഇരുവരും ജോലിയിലും പ്രവേശിച്ചു. പിഴവ് മനസിലാക്കിയ പിഎസ്‌സി, ജോലിയിൽ പ്രവേശിച്ചവർക്ക് വിടുതൽ നോട്ടിസ് അയച്ചു.
വിടുതൽ നോട്ടിസ് അയച്ചതിന് പിന്നാലെ നിത്യയ്ക്കും മിഥുലയക്കും നിയമന ശുപാർശ നൽകുകയും ചെയ്‌തു. എന്നാൽ മറ്റ് രണ്ട് പേർ കോടതിയെ സമീപിച്ചതോടെ എല്ലാം നിയമ വഴിയിലായി. ഇതോടെ നിയമത്തിന്‍റെ കുരുക്കിൽ പെട്ടിരിക്കുകയാണ് നിത്യയും മിഥുലയും. നിയമ പോരാട്ടം ആരംഭിച്ചുവെങ്കിലും ആഗ്രഹിച്ചുറപ്പിച്ച ജോലി നഷ്‌ടമാകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് ഇരുവരുടെയും ജോലി നഷ്‌ടപ്പെട്ടതെന്ന് കുടുംബം ആരോപിച്ചു. ഇനിയും വൈകിയാൽ സർവീസ് കാലയളവ് കൂടി ഇവർക്ക് നഷ്‌ടമാകും.
അതേസമയം ഉദ്യോഗാർഥികൾക്കുള്ള നിയമന ശുപാർശ ഡിജിലോക്കറിൽ കൂടി ലഭ്യമാക്കാൻ ഒരുങ്ങുകയാണ് പിഎസ്‍സി. ജൂൺ ഒന്ന് മുതൽ ആവും മാറ്റങ്ങൾ ഉണ്ടാവുക. ഇതുവരെ ഇത് കൈ കൊണ്ട് എഴുതി നൽകുന്ന രീതിയാണ് പിഎസ്‍സി സ്വീകരിച്ചിരുന്നത്.