Neyveli violence | എൻഎൽസിയുടെ ഭൂമി ഏറ്റെടുക്കൽ ; അറസ്‌റ്റിലായിരുന്ന പിഎംകെ നേതാവ് അൻബുമണി രാമദോസിനെ വിട്ടയച്ചു - എൻഎൽസി
ചെന്നൈ : നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ (എൻഎൽസി) ന്‍റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച പട്ടാളി മക്കൾ കച്ചി നേതാവ് അൻബുമണി രാമദോസിനെ വിട്ടയച്ചു. ഇന്നലെ (28.7.2023) പുലർച്ചെയാണ് പാർട്ടി അണികളോടൊപ്പം എൻഎൽസിക്ക് എതിരെ പ്രതിഷേധിച്ച അൻബുമണിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. അറസ്റ്റിനെ തുടർന്ന് പിഎംകെ പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. പാർട്ടി പ്രവർത്തകർ പൊലീസ് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്‌തു. ഒരു മണിക്കൂറിന് ശേഷമാണ് അക്രമം നിയന്ത്രണ വിധേയമാക്കിയത്. ഏറ്റുമുട്ടലിൽ രണ്ട് വനിത കോൺസ്‌റ്റബിൾമാർ ഉൾപ്പടെ 22 പേർക്ക് പരിക്കേറ്റു. ഇവർ എൻഎൽസിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. കടലൂർ ജില്ലയിലെ ഭുവനഗിരിക്ക് സമീപമുള്ള വളയമാദേവി ഗ്രാമത്തിലെ പാടങ്ങളിൽ എൻഎൽസി ഖനനം നടത്തിവരികയാണ്. തുടർന്ന് വിളവെടുക്കുന്നതിന് മുൻപ് കൃഷി നശിപ്പിക്കരുതെന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഗ്രാമവാസികൾ ആവശ്യപ്പെട്ടെങ്കിലും കോർപ്പറേഷൻ പ്രവർത്തനം തുടർന്നു. പിന്നാലെ, നെയ്‌വേലി കോർപ്പറേഷൻ ആർച്ച് ഗേറ്റിന് സമീപം പ്രതിഷേധ പ്രകടനം നടത്തുമെന്ന് പിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.