നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അമ്മയെ ഹോസ്റ്റലിലെത്തിച്ച് തെളിവെടുത്തു - Newborn Murder Case Evidence Gathering
Published : Dec 7, 2023, 7:31 PM IST
പത്തനംതിട്ട: തിരുവല്ലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. തിരുവല്ല സ്വദേശി നീതുവിനെയാണ് (20) സ്വകാര്യ മെഡിക്കല്‍ കോളജിലെ ഹോസ്റ്റലില്‍ എത്തിച്ച് തെളിവെടുത്തത്. അവിവാഹിതയായ താന്‍ പ്രസവിച്ചത് മറച്ചുവയ്‌ക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു (Newborn Murder Case). ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ച യുവതി കുഞ്ഞിന്‍റെ മുഖത്ത് വെള്ളമൊഴിച്ചാണ് കൊലപ്പെടുത്തിയതെന്നും സമ്മതിച്ചു. യുവതി ഗര്‍ഭിണിയായത് മറ്റാര്‍ക്കും അറിയില്ലായിരുന്നുവെന്നും ഇതേ കുറിച്ച് ചോദിച്ചവരോട് തനിക്ക് പിസിഒഡിയാണെന്നുമാണ് പറഞ്ഞിരുന്നതെന്നും സിഐ സുനില്‍ കൃഷ്‌ണന്‍ മാധ്യമങ്ങളോട് പറഞ്ഞു (Evidence Gathering In Infant Murder Case). നവജാത ശിശുവിന്‍റേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് പോസ്‌റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്‌തത്. തൃശൂര്‍ സ്വദേശിയായ കാമുകനില്‍ നിന്നാണ് താന്‍ ഗര്‍ഭിണിയായതെന്ന് യുവതി വ്യക്തമാക്കി. എന്നാല്‍ കൊലപാതകത്തില്‍ കാമുകന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടതായും സിഐ വ്യക്തമാക്കി.
also read:നവജാത ശിശുവിന്‍റെ മരണം കൊലപാതകം; മുഖത്ത് വെള്ളമൊഴിച്ച് കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍