അവശനിലയില്‍ റബ്ബർ തോട്ടത്തിൽ കണ്ടെത്തിയ കുട്ടിയാന ഡോക്‌ടർമാരുടെ പരിചരണത്തില്‍ - പത്തനംതിട്ട കുറുമ്പൻമൂഴിയിൽ കുട്ടിയാനയെ കണ്ടെത്തി
Published : Dec 1, 2023, 1:07 PM IST
|Updated : Dec 1, 2023, 4:28 PM IST
പത്തനംതിട്ട: റാന്നി കുറുമ്പൻമൂഴിയിലെ റബ്ബർ തോട്ടത്തിൽ അവശനിലയില്‍ കണ്ടെത്തിയ ജനിച്ചു മണിക്കൂറുകൾ മാത്രം പിന്നിട്ട കുട്ടിയാന ഇപ്പോൾ വെച്ചൂച്ചിറ മൃഗാശുപത്രിയിൽ ഡോക്ടർമാരുടെ പരിചരണത്തിൽ. നിലവിൽ പാൽ കുപ്പിയിൽ ആക്കി നൽകുന്നുണ്ട്. മരുന്ന് ട്യൂബ് വഴിയാണ് നൽകുന്നത്. ആനക്കുട്ടിയുടെ ആരോഗ്യ സ്ഥിതി മനസിലാക്കിയ ശേഷം മാത്രമാകും കോന്നി ആനക്കൂട്ടിലേക്ക് മാറ്റുക. ജനിച്ചു മണിക്കൂറുകൾ മാത്രം കഴിഞ്ഞ നിലയിലാണ് ആന കുട്ടിയെ കിട്ടിയതെന്നും അമ്മയാനയുടെ പാൽ ഒരു ദിവസം പോലും കുടിച്ചിട്ടില്ലാത്തതിനാൽ അത് പ്രതിരോധ ശേഷിയെ ബാധിക്കുമെന്നും അത് ആശങ്ക ആയി നിലനിൽക്കുന്നുണ്ടെന്നും കോന്നി അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ ഡോ ശ്യാം ചന്ദ്രൻ ഇടിവി ഭാരതിനോട് പറഞ്ഞു. ആനക്കുട്ടിയുടെ പരിചണത്തിനായി മൂന്ന് ഡോക്ടർമാർ കൂടെയുണ്ടെന്നും ഇപ്പോൾ പാൽ നൽകി വരുന്നുണ്ടെന്നും നിലവില്‍ ആനക്കുട്ടിയുടെ ആരോഗ്യ നില മികച്ച നിലയിലാണെന്നും ഡോക്ടർ പറഞ്ഞു. കഴിയാവുന്ന പരമാവധി സംരക്ഷണം ആനക്കുട്ടിക്ക് നൽകി വരുന്നുണ്ടെന്നും ജനിച്ചു മണിക്കൂറുകൾ മാത്രം കഴിഞ്ഞ ആനക്കുട്ടിയെ ആരോഗ്യവാനായി ജീവിതത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട കുറുമ്പൻമൂഴിയില്‍ സ്വകാര്യ വ്യക്തിയുടെ റബ്ബർ തൊട്ടത്തിലാണ് കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. കൂട്ടം തെറ്റിപ്പോയതാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. റബ്ബര്‍ വെട്ടാനെത്തിയ ആളാണ് ഇന്ന് കുട്ടിയാനയെ കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഡോ ശ്യാം ചന്ദ്രൻ, വെച്ചൂച്ചിറ വെറ്ററിനറി സർജൻ ഡോ ആനന്ദ് ആർ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ആനക്കുട്ടിയ്ക്ക് പരിചരണം നൽകുന്നത്.