Nedumkandam Murder| ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ച സംഭവം; കൊലപാതകം മുൻവൈരാഗ്യത്തെ തുടർന്ന്, 3 പേര്‍ പിടിയില്‍ - പൊലീസ്
ഇടുക്കി: നെടുങ്കണ്ടത്ത് വീട്ടിൽ ഉറങ്ങിക്കിടന്നയാൾ വെടിയേറ്റ് മരിച്ച സംഭവം(Nedumkandam Murder) മുൻവൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് മാവടി സ്വദേശികളായ തകടിയേൽ സജി, മുകളേൽപറമ്പിൽ ബിനു, തിങ്കൾക്കാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവര്‍ അറസ്‌റ്റിലായി. കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെത്തി. വെടിയുതിര്‍ത്ത പ്രതി മുമ്പ് ഒരാളെ കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി ഒളിപ്പിച്ച കേസിലെ പ്രതിയാണ്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (15.08.2023) നെടുങ്കണ്ടം മാവടി സ്വദേശിയായ പ്ലാക്കൽ സണ്ണി വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടെ വെടിയേറ്റ് മരിച്ചത്. ഏതാനും നാളുകൾക്ക് മുൻപ് ബിനു ചാരായം വാറ്റ് കേസിൽ അറസ്‌റ്റിലായിരുന്നു. വിവരം കൈമാറിയത് സണ്ണിയാണെന്നായിരുന്നു ഇവർ ധരിച്ചിരുന്നത്. തുടർന്ന് സണ്ണിയെ അപായപ്പെടുത്താൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു. കൃത്യം നടത്തുന്നതിനായി ജാഗ്രതയോടെയാണ് പ്രതികൾ കരുക്കൾ നീക്കിയത്. സംഭവദിവസം രാത്രി 9.30 ഓടെ ബിനുവിന്‍റെ വീട്ടിൽ ഒത്തുചേർന്ന പ്രതികൾ, സണ്ണിയുടെ വീടിന് സമീപത്തെത്തി 11.30ന് കൃത്യം നടത്തുകയായിരുന്നു. സജിയാണ് വെടിയുതിർത്തത്. സണ്ണിയുടെ വീടിന് സമീപത്തെ ഏലത്തോട്ടത്തിൽ നിന്നും അടുക്കള ഭാഗത്തെ വാതിൽ ലക്ഷ്യംവച്ചാണ് സജി വെടിയുതിർത്തത്. ഈ വാതിലിന് സമാന്തരമായി വരുന്ന മുറിയിലാണ് സണ്ണി കിടക്കുന്നതെന്ന് പ്രതികൾ മുൻകൂട്ടി മനസിലാക്കിയിരുന്നു. അടുക്കള വാതിലിൽ വെടിയുണ്ട കടന്ന് പോയതിന്‍റെ അടയാളങ്ങള്‍ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. മാത്രമല്ല വെടിയുതിർക്കാൻ ഉപയോഗിച്ച നാടൻ തോക്ക് പടുത കുളത്തിൽ നിന്നും മറ്റൊരു ഇരട്ടക്കുഴൽ തോക്ക് സമീപത്തെ പുല്‍മേട്ടിൽ നിന്നും കണ്ടെത്തി. തിരകളും വെടിമരുന്നും പടുത കുളത്തിൽ നിന്നും ലഭിച്ചു. ഇതേത്തുടർന്ന് നായാട്ട് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയും പ്രതികളിലേക്ക് എത്തുകയുമായിരുന്നു. അതേസമയം വർഷങ്ങൾക്ക് മുമ്പ് കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭീകരൻ തോമ എന്നറിയപ്പെട്ടിരുന്ന ടൈറ്റസ് എന്നയാളെ വെടിവച്ച് കൊന്ന ശേഷം ശരീരം രണ്ടുകഷ്‌ണങ്ങളാക്കി ഒളിപ്പിച്ച കേസിലെ പ്രതിയാണ് സജി. ചാരായം വാറ്റ്, തടി മോഷണക്കേസുകൾ തുടങ്ങിയവ മറ്റൊരു പ്രതിയായ ബിനുവിനെതിരെയുമുണ്ട്.