Nambi Narayanan As Mentor Of Montessori Pre School : 'നാനാസു'മായി മകള്‍ ഗീത ; കനലോര്‍മകള്‍ മറക്കാന്‍ നമ്പിനാരായണന് കുഞ്ഞുചിരികള്‍ കൂട്ട്
Published : Oct 7, 2023, 8:11 PM IST
തിരുവനന്തപുരം :ഭൂതകാല വേട്ടയാടലുകളെ ഓർമകളുടെ പുറത്തുനിർത്താൻ കുഞ്ഞുചിരികളെ കൂട്ടുപിടിക്കുകയാണ് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണൻ. തിരുവനന്തപുരം പോങ്ങുംമൂടില്‍ മകൾ ഗീത ആരംഭിച്ച 'നാനാസ്' മോണ്ടിസോറി പ്രീ സ്കൂളിൽ കാര്യദർശിയായും കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനുമായാണ് ജീവിതത്തിലെ പുതിയ റോൾ നമ്പി നാരായണൻ ഏറ്റെടുത്തിരിക്കുന്നത് (Nambi Narayanan As Mentor Of Montessori Pre School). നമ്പി നാരായണൻ എന്നതിന്‍റെ ചുരുക്കമാണ് 'നാനാ'. ആഴ്ചയിൽ രണ്ടുദിവസമെങ്കിലും കുട്ടികൾക്കൊപ്പമിരിക്കാൻ അദ്ദേഹം സ്കൂളിൽ എത്തും. ഐൻസ്റ്റീനായി ആരും ജനിക്കുന്നില്ല, കണ്ടെത്തി വളര്‍ത്തിയെടുക്കണം, ഇതാണ് നമ്പി നാരായണന്‍റെ ശാസ്ത്രം. 3 മുതൽ 6 വയസുവരെയുള്ള വിദ്യാർത്ഥികള്‍ക്കായി തുടങ്ങിയ നാനാസ് മോണ്ടിസോറി പ്രീ സ്കൂളിൽ നടപ്പിലാക്കുന്നതും ഇതുതന്നെ. പരമ്പരാഗത രീതിക്കപ്പുറം കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്ന അനൗദ്യോഗിക പഠനമാണ് മോണ്ടിസോറി രീതി മുന്നോട്ടുവയ്ക്കുന്നത്. ഇറ്റലിക്കാരി മരിയ മോണ്ടിസോറിയാണ് ഇത് വികസിപ്പിച്ചത്. പിതാവിന്‍റെ പുതിയ റോൾ, നഷ്ടപ്പെട്ട സന്തോഷം തിരികെ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് മകള്‍ ഗീത. ഒപ്പം അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും പൂര്‍ണ പിന്‍തുണയുമായുണ്ട്. വ്യാജ ചാരക്കേസില്‍ ഏറെക്കാലംനീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നിരപരാധിത്വം തെളിയിച്ച അദ്ദേഹം, താന്‍ ആര്‍ജിച്ച അറിവുകളും അനുഭവങ്ങളും പുതുതലമുറയിലേക്ക് സന്നിവേശിപ്പിക്കാനുള്ള വേറിട്ട വഴിയിലാണ്.