മരണത്തില്‍ ദുരൂഹത; മലപ്പുറം സ്വദേശിയുടെ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് പരിശോധന - പോസ്‌റ്റ്‌മോർട്ടം നടപടികൾ
Published : Nov 20, 2023, 3:42 PM IST
മലപ്പുറം: മരണത്തില്‍ ദുരൂഹതയെന്ന പരാതിയെ തുടർന്ന് , മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് റീ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. മലപ്പുറം അരീക്കോട് സ്വദേശി പുളിക്കയില്‍ തോമസ് എന്ന തൊമ്മന്‍റെ (36) മൃതദേഹമാണ് കല്ലറയില്‍ നിന്ന്പുറത്തെടുത്തത് (mysterious death repostmortem of malappuram native body started). നവംബര്‍ നാലിനാണ് തോമസ് മരിച്ചത്. സ്വാഭാവിക മരണമെന്ന വിലയിരുത്തലില്‍ കുടുംബം സംസ്‌കാര ചടങ്ങുകൾ നടത്തിയിരുന്നു. എന്നാല്‍ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് സുഹൃത്തുക്കളും തോമസും തമ്മില്‍ അടിപിടി ഉണ്ടായിരുന്നു. പരിക്കിനെ തുടര്‍ന്ന് തോമസ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു. അടിപിടിയെ തുടര്‍ന്നുണ്ടായ പരിക്ക് മരണത്തിലേക്ക് നയിച്ചോ എന്ന സംശയം ചിലര്‍ പങ്കുവെച്ചതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന്‍റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോര്‍ട്ടം നടത്താൻ പൊലീസ് തീരുമാനിച്ചത്. 2022 ആഗസ്റ്റില്‍ കോഴിക്കോട് ജില്ലയില്‍ വ്ളോഗര്‍ റിഫ മെഹ്‌നുവിന്റെ മൃതദേഹം ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കല്ലറയില്‍ നിന്ന് പുറത്തെടുത്ത് റീ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു. കുറ്റാന്വേഷണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരന്വേഷണ രീതിയാണ് മൃതദേഹം പുറത്തെടുത്തുളള റീ പോസ്റ്റുമോര്‍ട്ടം, കൂടത്തായി ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ അന്വേഷണ സംഘം ഈ രീതി അവലംബിച്ചിരുന്നു.