കേരളം

kerala

എം വി ഗോവിന്ദൻ

ETV Bharat / videos

മണിപ്പൂർ കലാപം ആർഎസ്എസ് അജണ്ട; മത സൗഹാർദത്തിൽ ബിജെപി വിഷം കലർത്തുന്നുവെന്ന് എംവി ഗോവിന്ദൻ - MV Govindan about Manipur violence

By

Published : May 7, 2023, 6:13 PM IST

Updated : May 7, 2023, 6:27 PM IST

തിരുവനന്തപുരം:മണിപ്പൂർ കലാപം ആർഎസ്എസ് അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. ആർക്കും പ്രതികരിക്കാൻ ഇല്ല. വർഗീയത ആളിക്കത്തിക്കാനും മത സൗഹാർദത്തെ ഇല്ലാതാക്കാനും നടത്തിയ ശ്രമമാണിതെന്നും എം വി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

സാമുദായിക അടിസ്ഥാനത്തിൽ സംവരണം പ്രഖ്യാപിച്ചപ്പോൾ ഒരു വിഭാഗത്തിന് കൂടുതൽ സംവരണം പ്രഖ്യാപിച്ചു എന്ന് പറഞ്ഞാണ് മണിപ്പൂരിൽ കലാപം നടക്കുന്നത്. എന്തെങ്കിലും സാമൂഹിക അടിസ്ഥാനത്തിൽ വേണ്ടേ ഒരു പ്രശ്‌നം കൈകാര്യം ചെയ്യേണ്ടതെന്നും എം വി ഗോവിന്ദൻ ചോദിച്ചു. 

ആർഎസ്എസ് അജണ്ട വച്ച് കലാപം നടത്തി. ആ കലാപത്തിന് മേൽ കേന്ദ്ര സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. വർഗീയത ആളിക്കത്തിക്കാൻ വേണ്ടി ബിജെപി നടത്തിയ പ്രവർത്തനമാണിത്. ബിജെപി ഇതിന് ഉത്തരം പറയണം. ബിജെപി മത സൗഹാർദത്തിന് വിഷം കലർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

മണിപ്പൂരിലെ മലയാളികളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രവർത്തനത്തിൽ സർക്കാർ സംവിധാനം ആകെ ഉപയോഗപ്പെടുത്തും. വിദ്യാഭ്യാസ മേഖലകളിൽ വലിയ രീതിയിലുള്ള കാവി വൽക്കരണം നടക്കുകയാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇല്ലാത്ത ചരിത്രം സംഘപരിവാറിന് വേണ്ടി ഉണ്ടാക്കുകയാണ്. 

കേരളത്തിൽ വിലപ്പോകില്ല: ഗാന്ധിയെ പോലുള്ള നേതാക്കളെ തമസ്ക്കരിച്ച് സവർക്കറെ പോലുള്ളവരെ ഉയർത്തിക്കാട്ടുകയാണ്. സവർക്കറെയാണ് സ്വാതന്ത്ര്യ സമര നേതാവായി കാണിക്കാൻ ശ്രമിക്കുന്നത്. നെഹ്‌റു ഉൾപ്പെടെയുള്ളവരെ തമസ്‌കരിക്കുകയാണ്. ഡാർവിന്‍റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കേണ്ട എന്നാണ് തീരുമാനം. മുഗൾ സാമ്രാജ്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ട എന്ന തീരുമാനമാണ് ഇപ്പോൾ എസ്‌സിഇആർടി കൈക്കൊണ്ടിരിക്കുന്നത്. 

വിചിത്രമായ തീരുമാനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാൽ ഇതൊന്നും കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നില്ല. ഇതൊന്നും അംഗീകരിക്കില്ല എന്ന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ചരിത്രത്തെ നിഷേധിക്കുന്ന നിലപാട് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇതിനെതിരെ വലിയ കാമ്പയി‍ൻ നടത്തുന്നതിന് എല്ലാ പിന്തുണയും പാർട്ടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ചരിത്രത്തെ നിഷേധിക്കുന്ന നിലപാട് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇതിനെതിരെ വലിയ കാമ്പയി‍ൻ നടത്തുന്നതിന് എല്ലാ പിന്തുണയും പാർട്ടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ വിഭാഗീയതക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വിവിധ ജില്ല സമ്മേളനങ്ങളിലെ പരാതികളും അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളും സംസ്ഥാന സമിതി അംഗീകരിച്ചു. 

പദ്ധതികൾ ഇല്ലാതാക്കാൻ യുഡിഎഫ്: ആവശ്യമായ തിരുത്തൽ ബന്ധപ്പെട്ട കമ്മിറ്റികളിൽ നടപ്പാക്കും. സർക്കാരിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച 100 ദിന കർമ്മപരിപാടിയിൽ 15,600 കോടി രൂപയുടെ പദ്ധതിയാണ് പൂർത്തിയാക്കാൻ പോകുന്നത്. ഇതിനെ ഇല്ലാതാക്കാൻ യുഡിഎഫ് വലിയ പ്രചാരവേലയാണ് നടത്തുന്നത്. 

വലിയ ശ്രദ്ധേയമായ പരിപാടികൾ നടക്കുമ്പോൾ പ്രതിപക്ഷ പാർട്ടികളും മാധ്യമവും കണ്ടില്ലെന്ന് നടിക്കുകയാണ്. വാട്ടർ മെട്രോ പ്രധാന മന്ത്രി തന്നെ സമർപ്പിച്ചു. വന മേഖലകളിൽ വന സൗഹൃദ സദസ് സംഘടിപ്പിച്ചു. ഇതൊന്നും വാർത്തയാകുന്നില്ല. അരിക്കൊമ്പൻ തമിഴ് നാട്ടിൽ കടന്നത് വാർത്ത ആകുന്നു. 

തീരദേശ മേഖലയിൽ ചരിത്രത്തിൽ ഇല്ലാത്ത ഇടപെടലുകളാണ് ഉണ്ടായത്. ഇന്നലെ വരെ പറയാത്ത കാര്യങ്ങൾ പുകമറ സൃഷ്ടിച്ച് പറയുന്നു. എ ഐ ക്യാമറയിൽ കേരള സർക്കാരിന്‍റെ ഖജനാവിൽ നിന്ന് ഒരു പണവും ചിലവാക്കിയിട്ടില്ലെന്നും എം വി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

Last Updated : May 7, 2023, 6:27 PM IST

ABOUT THE AUTHOR

...view details