Murder Case Accused Arrested : പത്തനംതിട്ടയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : അയല്‍വാസി അറസ്റ്റില്‍ - kerala news updates
Published : Sep 19, 2023, 10:40 PM IST
പത്തനംതിട്ട :കോയിപ്ര പുന്നയ്‌ക്കല്‍ പാടശേഖരത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. വരയന്നൂര്‍ കല്ലുങ്കല്‍ കാലൻ മോൻസി എന്ന് വിളിക്കുന്ന വിനോദാണ് (46) അറസ്റ്റിലായത്. പുല്ലാട് സ്വദേശിയായ പാറയ്ക്കല്‍ പ്രദീപാണ് (38) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് (സെപ്‌റ്റംബര്‍ 19) പാടത്തെ ചെളിയില്‍ പ്രദീപിന്‍റെ മൃതദേഹം കണ്ടെത്തിയത് (Murder Case Accused Arrested). പ്രദീപും വിനോദിന്‍റെ കുടുംബവും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 18) രാത്രിയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിനോദ് പാടശേഖരത്തില്‍ വച്ച് പ്രദീപിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ വീട്ടിലെത്തിയ വിനോദ് ഇക്കാര്യം അറിയിച്ച് രക്ഷപ്പെട്ടു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് രാത്രിയില്‍ പ്രദീപിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ പാടശേഖരത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. വിരലടയാള വിദഗ്‌ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി കുടുംബത്തിന് വിട്ടുനല്‍കി. സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിനോദിനെ മരാമണില്‍ നിന്നും കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്‌തത്. മരിച്ച പ്രദീപ് അവിവാഹിതനാണ്.