Munnar Flowers മൂന്നാറിന് ചന്തം ചാർത്തി ഗ്യാപ് റോഡില്‍ കമ്മല്‍ പൂ വസന്തം - Flowers In Munnar Gape Road
Published : Sep 30, 2023, 3:09 PM IST
ഇടുക്കി: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ ഗ്യാപ് റോഡില്‍ കാഴ്‌ചയുടെ വസന്തം വിരിയിച്ച് കമ്മന്‍ പൂക്കള്‍. കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയുടെ വഴിയരികിലാണ് അഴക് ചാര്‍ത്തി കമ്മല്‍ പൂക്കള്‍ വിസ്‌മയം തീര്‍ത്തത്. തെക്കിന്‍റെ കശ്‌മീരായ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നയന മനോഹര കാഴ്‌ചയാവുകയാണ് കമ്മന്‍ പൂക്കൾ. ഗ്യാപ് റോഡിലെ കോടയും നനുത്ത കാറ്റും ആവോളം ആസ്വദിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് കമ്മന്‍ പൂ വസന്തം മായാത്ത ഓര്‍മയാണ് സമ്മാനിക്കുക. 'ഇമ്പെഷ്യസ് മാക്കുലേറ്റ' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കമ്മല്‍ പൂക്കൾ പണ്ട് കാലങ്ങളില്‍ ഹൈറേഞ്ചിന്‍റെ അരുവിയോരങ്ങളിലും പാതയോരങ്ങളിലും നയന മനോഹര കാഴ്ച്ച ഒരുക്കിയിരുന്നു. എന്നാല്‍ പ്രകൃതിയുമായുള്ള മനുഷ്യരുടെ ഇടപെടല്‍ കാരണം കമ്മല്‍ പൂക്കൾ വംശനാശ ഭീഷണി നേരിടുകയാണ്. കൂടുതല്‍ തണുത്ത കാലാവസ്ഥയിലാണ് കമ്മല്‍ പൂക്കള്‍ സമൃദ്ധമായി വളരുക. വംശനാശ ഭീഷണിയുടെ വക്കീല്‍ നില്‍ക്കുന്ന ചെടി ഇത്തവണ നിറയെ പൂത്തുലഞ്ഞത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഇളം പിങ്ക് നിറമാണ് ഈ പൂക്കള്‍ക്ക്. പൂവിന് കമ്മലിന്‍റെ ആകൃതിയായത് കൊണ്ടാണ് ഈ പേര് ലഭിച്ചത്. ചിലയിടങ്ങളില്‍ ഇതിനെ കാശിത്തുമ്പയെന്നും അറിയപ്പെടുന്നുണ്ട്. കൂട്ടത്തോടെ വിരിഞ്ഞ് സുന്ദര കാഴ്‌ചകള്‍ സമ്മാനിക്കുന്നതിന് അപ്പുറം ഒരു സിദ്ധ ഔഷധമാണിത്. ത്വക്ക് രോഗങ്ങള്‍, ഉദര രോഗങ്ങള്‍ എന്നിവയ്‌ക്കുള്ള പ്രതിവിധിയാണ് കമ്മല്‍ പൂക്കൾ.