ദേശീയപാത പൂർത്തിയാവുന്നതിന്‍റെ സങ്കടമാണ് സുരേന്ദ്രനെന്ന് മന്ത്രി മുഹമ്മദ് റിയാസ് - malayalam news
തിരുവനന്തപുരം: ദേശീയപാത വികസനത്തിന്‍റെ പേരിൽ കേരളത്തെ വിമർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത പ്രവൃത്തി പൂർത്തിയാവുന്നതിന്‍റെ സങ്കടമാണ് കെ സുരേന്ദ്രനെന്നാണ് മന്ത്രി പ്രതികരിച്ചത്. എല്ലാവരെയും യോജിപ്പിച്ച് നിർത്തി ദേശീയ പാത വികസനം പൂർത്തീകരിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിക്കുന്നത്.
കർണാടകയിൽ പൂർത്തിയായ ഹൈവേകൾ താരതമ്യം ചെയ്‌ത് കർണാടകയിൽ ഒച്ചിന്‍റെ വേഗതയിലും കേരളത്തിൽ അതിവേഗതയിലും ദേശീയ പാതയുടെ പണി പുരോഗമുക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ദേശീയ പാത വികസനം സുരേന്ദ്രനടക്കം വരുന്ന ജനങ്ങൾക്ക് വേണ്ടിയാണെന്നും അതിനായി ഇനിയും ചട്ടി തൊപ്പിയിട്ടും വെയിലത്തും നിൽക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശീയ പാത വികസനത്തിൽ കേരള സർക്കാരിന് യാതൊരുവിധ പങ്കുമില്ലെന്ന് പറഞ്ഞ സുരേന്ദ്രൻ മുൻപ് ദേശീയ പാത വികസനവും, ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും നടപ്പാക്കാൻ കേരള സർക്കാരിനെ വെല്ലുവിളിച്ച് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നും പണി പൂർത്തിയാവുമ്പോൾ ഇരട്ടത്താപ്പ് കാണിക്കുകയാണന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ അവകാശമാണ് ദേശീയ പാത വികസനത്തിനായി സംസ്ഥാനത്തിന് കിട്ടിയ പണമെന്നും, കേരള സർക്കാർ ദേശീയപാതയ്ക്ക് ഫണ്ട് നൽകുന്നില്ല എന്ന കെ സുരേന്ദ്രന്‍റെ വാദത്തിന് തിരിച്ചടി നിതിൻ ഗഡ്‌കരി ലോക്‌സഭയിൽ നൽകിയ മറുപടിയിൽ ഉണ്ടന്നും മന്ത്രി കൂട്ടിച്ചേർത്തു. 5519 കോടി രൂപ ദേശീയപാത അതോറിറ്റിക്ക് സംസ്ഥാന ഗവൺമെന്‍റ് നൽകിയിട്ടുണ്ടെന്നാണ് ലോക്‌സഭയിൽ പറഞ്ഞത്.
കേരളത്തിന്‍റെ ദേശീയപാത വികസനം 2014ൽ യുഡിഎഫ് ഒഴിവാക്കിയതും 2018 ൽ എൽഡിഎഫ് ഏറ്റടുത്തതാണ്. 2016 ൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്ക് ദേശീയപാത വികസനത്തിനെതിരായി കത്തെഴുതിയ ആളാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ. എല്ലാ മാസവും റിവ്യൂ മീറ്റിങ്ങുകൾ നടക്കുകയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ വരെ കേരള നയത്തെ അഭിനന്ദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ജനസാന്ദ്രത, വാഹന പെരുപ്പം, ജീവിത നിലവാരം എന്നിവ കൂടുതലായതിനാലാണ് ഭൂമി ഏറ്റെടുക്കൽ സംസ്ഥാന സർക്കാരിന് സാധ്യമാകാത്തതെന്നും മറ്റ് സംസ്ഥാനങ്ങളിലേത് പോലെ വീതികൂടിയ ഹൈവേകൾ സാധ്യമാകുന്നില്ലെങ്കിലും ഗ്രാമാന്തരങ്ങളിൽ ഉള്ള റോഡ് മറ്റു സംസ്ഥാനങ്ങളെക്കാൾ നല്ലതാണന്നും മന്ത്രി പറഞ്ഞു.