ഇരുമ്പ് പൈപ്പ് കയറ്റി, പെട്ടി ഓട്ടോറിക്ഷയ്‌ക്ക് 20,000 രൂപ പിഴ; മോട്ടോര്‍ വാഹന വകുപ്പിനെ വിമര്‍ശിച്ച് ഡ്രൈവര്‍മാര്‍ - kerala news updates
ഇടുക്കി:ഇരുമ്പ് പൈപ്പ് കയറ്റിയതിന് പെട്ടി ഒട്ടോറിക്ഷയ്‌ക്ക് 20,000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. നെടുങ്കണ്ടം സ്വദേശിയായ ബിജോ മോനാണ് പിഴ ലഭിച്ചത്. ബുധനാഴ്‌ച (ജൂണ്‍ 7) ആണ് സംഭവം.
അനുവദനീയമായ രീതിയിലല്ല ഓട്ടോറിക്ഷയില്‍ ചരക്ക് കയറ്റിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ പിഴയിട്ടത്. ഇരുമ്പ് പൈപ്പുകള്‍ കയറ്റിയ ഓട്ടോറിക്ഷയില്‍ നിന്ന് ഒരു പൈപ്പ് മുകളിലേക്ക് ഉയര്‍ന്ന് നിന്നിരുന്നു ഇത് ചൂണ്ടിക്കാട്ടിയാണ് ഭീമമായ പിഴ ചുമത്തിയത്.
ഹൈറേഞ്ചിലെ ഉള്‍നാടന്‍ മേഖലകളിലേക്ക് വലിയ ലോറികളിലുള്ള ചരക്ക് നീക്കം സാധ്യമല്ലാതിരിക്കെയാണ് ചെറുകിട ഗുഡ്‌സ് വാഹനങ്ങള്‍ക്കെതിരെ വന്‍ തുക പിഴ ഈടാക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് നിര്‍മാണ സാമഗ്രഹികള്‍ കൊണ്ടു പോകാന്‍ ലഭിക്കുന്ന ട്രിപ്പുകള്‍ വേണ്ടെന്ന് വച്ചിരിക്കുകയാണ് നെടുങ്കണ്ടത്തെ ഡ്രൈവര്‍മാര്‍. മോട്ടാര്‍ വാഹന വകുപ്പ് ഇത്തരത്തില്‍ വന്‍ തുക പിഴ ഈടാക്കിയാല്‍ മാസം മുഴുവന്‍ ജോലി ചെയ്‌താലും പിഴ തുക അടക്കാന്‍ പണമുണ്ടാകില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
വിവിധ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ഗുഡ്‌സ് വാഹനങ്ങളില്‍ നിന്നും അമിതമായി പിഴ ചുമത്താനുള്ള സ്‌പെഷ്യല്‍ ഡ്രൈവാണ് നടക്കുന്നതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. ഇത്തരത്തില്‍ അമിത പിഴ ഈടാക്കിയാല്‍ ഗ്രാമീണ മേഖലകളിലെ ചരക്ക് നീക്കം പൂര്‍ണമായും നിലയ്‌ക്കുകയും തങ്ങള്‍ക്ക് ജോലിയില്ലാതെ വരികയും ചെയ്യുമെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. അതേസമയം നിയമ പ്രകാരമുള്ള പിഴയാണ് ഈടാക്കിയതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വിശദീകരണം.