'മകനെ കൊന്നവരെ കൊല്ലാൻ, ഈ അമ്മ കാത്തിരുന്നത് വർഷങ്ങൾ': ഞെട്ടിക്കുന്ന സംഭവം ആന്ധ്രാപ്രദേശില്‍ - നരസറാവുപേട്ട്
നരസറാവുപേട്ട് (ആന്ധ്രാപ്രദേശ്): മകന്‍റെ കൊലപാതകികളെ പദ്ധതിയിട്ട് കാത്തിരുന്ന് കൊലപ്പെടുത്തി ഒരമ്മ. സിനിമ കഥയെ പോലും വെല്ലുന്ന വാര്‍ത്തയാണ് ആന്ധ്രാപ്രദേശ് പല്‍നാട് ജില്ലയിലെ നരസറാവുപേട്ടയില്‍ നിന്ന് പുറത്തുവരുന്നത്. പരേതനായ ഷബീറിന്‍റെ ഭാര്യ ജാന്‍ബിയാണ് മകന്‍റെ കൊലയാളികളെ വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ കൊലപ്പെടുത്തിയത്.
15 വര്‍ഷം മുമ്പാണ് ജാന്‍ബിയുടെ ഭര്‍ത്താവ് ഷബീര്‍ ആത്‌മഹത്യ ചെയ്‌തത്. പിന്നീട് ജാന്‍ബി കൂലിപ്പണി എടുത്താണ് രണ്ട് ആണ്‍മക്കള്‍ അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്നത്. ഇതിനിടെ ജാന്‍ബി പ്രദേശവാസികളായ കാസിം, ഷെയ്‌ഖ് ബാജി എന്നിവരുമായി സൗഹൃദത്തിലായി. ഷെയ്‌ഖ് ബാജി ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയായിരുന്നു.
ഇരുവരും ജാന്‍ബിയോട് മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ട മൂത്ത മകന്‍ ഇവരുടെ സൗഹൃദത്തെ എതിര്‍ത്തു. കാസിമും ബാലാജിയും വീട്ടില്‍ വരുന്നതും ജാന്‍ബിയുടെ മകന്‍ തടഞ്ഞു. യുവാവ് ഇവരുടെ സൗഹൃദത്തിന് തടസമാകുമെന്ന് മനസിലാക്കിയതോടെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.
2021 ഓഗസ്റ്റിലാണ് ജാന്‍ബിയുടെ മൂത്ത മകനെ കാസിമും ബാജിയും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മകന്‍റെ മരണത്തിന് ഉത്തരവാദികളായവരെ ക്രൂരമായി കൊല്ലുമെന്ന് ജാന്‍ബി പ്രതിജ്ഞയെടുത്തു. മുഖ്യപ്രതിയായ കാസിമിനെ അതേവര്‍ഷം ഡിസംബറില്‍ ജാന്‍ബി, ഇളയ സഹോദരന്‍ ഹസന്‍റെയും രണ്ടാമത്തെ മകന്‍റെയും സഹായത്തോടെ കൊലപ്പെടുത്തി.
നരസറോവുപേട്ടിലെ സിനിമ ഹാള്‍ ജങ്‌ഷനില്‍ മദ്യപിക്കുകയായിരുന്നു കാസിം. ഇയാളെ കൊലപ്പെടുത്തിയതിന് പിന്നാലെ പൊലീസില്‍ കീഴടങ്ങിയ ജാന്‍ബി കുറച്ച് മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ജാന്‍ബി തന്നെയും കൊല്ലുമെന്ന് ഭയന്ന ബാജി ആള്‍മാറാട്ടം നടത്തിയാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ സുഹൃത്തുക്കളുടെ സഹായത്തോടെ ജാന്‍ബി ഇയാളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചു.
മൊബൈലില്‍ ബാജിയെ ബന്ധപ്പെട്ട ജാന്‍ബി, വഴക്കുകള്‍ മറന്ന് പഴയതുപോലെ സൗഹൃദത്തില്‍ കഴിയാമെന്ന് അറിയിച്ചു. ചൊവ്വാഴ്‌ച (ജൂണ്‍ 20) തന്‍റെ സഹോദരന്‍റെ പിറന്നാള്‍ ആണെന്നും പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നും ജാന്‍ബി ബാജിയോട് ആവശ്യപ്പെട്ടു. ജാന്‍ബി പറഞ്ഞതനുസരിച്ച് ചൊവ്വാഴ്‌ച ഇവരുടെ വീട്ടിലെത്തിയ ബാജിയെ ജാന്‍ബിയും സുഹൃത്തും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
മദ്യ ലഹരിയിലായിരുന്ന ബാജിയെ കത്തി കൊണ്ട് ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുഴുവനായും കത്താതെ വന്നതോടെ പാതി കരിഞ്ഞ ശരീരം കുഴിച്ചിടുകയായിരുന്നു. ഇന്നലെ (ജൂണ്‍ 21) രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തി ജാന്‍ബി കീഴടങ്ങി. നരസറാവുപേട്ട് റൂറൽ സിഐ ഭക്തവത്സല റെഡ്ഡി, എസ്ഐ ബാലനാഗി റെഡ്ഡി എന്നിവർ സ്ഥലത്തെത്തി ബാജിയുടെ മൃതദേഹം പുറത്തെടുത്ത് മേല്‍ നടപടി സ്വീകരിച്ചു.