കേരളം

kerala

കാനയില്‍ വീണ കുട്ടിയാനയെ രക്ഷിച്ച് അമ്മയാന, രക്ഷാപ്രവര്‍ത്തനം വനംവകുപ്പിനെയും നാട്ടുകാരെയും കാഴ്‌ചക്കാരാക്കി

By

Published : Aug 1, 2023, 3:32 PM IST

ETV Bharat / videos

'അമ്മ'യുണ്ട് കൂടെ; കാനയില്‍ വീണ കുട്ടിയാനയെ രക്ഷിച്ച് അമ്മയാന, രക്ഷാപ്രവര്‍ത്തനം വനംവകുപ്പിനെയും നാട്ടുകാരെയും കാഴ്‌ചക്കാരാക്കി

തൃശൂര്‍:വഴിയോരത്തെ കാനയിൽ വീണ കുട്ടിയാനയെ രക്ഷിക്കാനുള്ള അമ്മ കാട്ടാനയുടെ ശ്രമം വിജയിച്ചു. പാലപ്പിള്ളി കുണ്ടായി ചക്കിപ്പറമ്പ് കോളനി റോഡിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്ക് തൊട്ടടുത്തുള്ള ചെറിയ കാനയിലാണ് ആനക്കുട്ടി വീണത്. തിങ്കളാഴ്‌ച (31.07.2023) പുലർച്ചെ നാലിനായിരുന്നു സംഭവം. റബ്ബർ തോട്ടത്തിൽ ഇറങ്ങിയ ആനക്കൂട്ടത്തിലെ രണ്ട് ദിവസം പ്രായമായ കുട്ടിയാനയാണ് അമ്മയോടൊപ്പം നടക്കുന്നതിനിടെ കാനയിൽ അകപ്പെട്ടത്. ആനക്കൂട്ടത്തിൻ്റെ ചിന്നംവിളി കേട്ടാണ് സമീപത്തെ തോട്ടം തൊഴിലാളികൾ വിവരമറിയുന്നത്. തൊഴിലാളികൾ എത്തിയപ്പോൾ തോട്ടത്തിൻ്റെ പല ഭാഗങ്ങളിലായി ആനകൾ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. കാനക്ക് കുറുകെ മറ്റൊരു ആനയും കുട്ടിയാനയും നിൽക്കുന്നത് കണ്ടതോടെ ആന പ്രസവിക്കുകയാണെന്ന് നാട്ടുകാരും കരുതി. ഉടൻ തന്നെ നാട്ടുകാർ വനപാലകരെയും തോട്ടം മാനേജ്മെൻ്റ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. പാലപ്പിള്ളി റേഞ്ച് ഓഫിസർ പ്രേം ഷമീറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നാട്ടുകാരെ അവിടെ നിന്ന് മാറ്റിയ ശേഷം നടത്തിയ പരിശോധനയിലാണ് കാനയിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്താനുള്ള അമ്മയാനയുടെ ശ്രമമാണെന്ന് മനസിലായത്. റോഡിലൂടെയുള്ള യാത്രക്കാരെ വനപാലകർ തടഞ്ഞുനിർത്തിയിരുന്നു. ശാന്തരായി നിന്ന ആളുകൾ പിന്നീട് കണ്ടത് സങ്കട കാഴ്‌ചയായിരുന്നു. വീണു കിടന്ന ആനക്കുട്ടിയെ രക്ഷപ്പെടുത്താനുള്ള അമ്മയാനയുടെ പരക്കംപാച്ചിലായിരുന്നു പിന്നീടുള്ള മണിക്കൂറുകൾ. കാനക്ക് ചുറ്റിലും ഓടി നടന്ന ആന, കുട്ടിയാനക്കരികിൽ കിടന്നും ഇരുന്നും തുമ്പിക്കൈ കൊണ്ട് വലിച്ചും, ഉന്തിയും തള്ളിയും നോക്കിയിട്ടും ഫലമുണ്ടായില്ല. നേരം വെളുത്ത് തുടങ്ങിയിട്ടും കുട്ടിയാന കാനയിൽ നിന്ന് കയറാതായതോടെ വനപാലകർ ജെസിബി എത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ തോട്ടത്തിൽ കിടന്നിരുന്ന റബ്ബർ തടികഷണങ്ങൾ അമ്മയാന കൊണ്ടുവന്ന് കാനക്ക് കുറുകെ ഇട്ടതോടെ കുട്ടിയാന അതിലൂടെ കയറി പോകുകയായിരുന്നു. അഞ്ച് മണിക്കൂറിലേറെ നീണ്ട അമ്മയാനയുടെ പരിശ്രമം വിജയിച്ചതോടെ കുട്ടിയാന വീണ്ടും ആനക്കൂട്ടത്തോടൊപ്പം കാട്ടിലേക്ക് മടങ്ങി.

ABOUT THE AUTHOR

...view details