ഗതാഗത യോഗ്യമായ റോഡുകളില്ല; കുഞ്ഞിന്‍റെ മൃതദേഹവുമായി മാതാവ് നടന്നത് 10 കിലോമീറ്ററോളം - Mother Carry Child Body
വെല്ലൂർ: തമിഴ്‌നാട്ടിലെ വെല്ലൂരിൽ പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചത് 10 കിലോമീറ്ററോളം ദുർഘടമായ മലയോര പാതയിലൂടെ കാൽനടയായി നടന്ന്. വെല്ലൂർ ജില്ലയിലെ അല്ലേരി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഗതാഗത യോഗ്യമായ റോഡ് ഇല്ലാത്തതിനാൽ കുട്ടിയുടെ മൃതദേഹം കയ്യിൽ ചുമന്ന് മാതാപിതാക്കൾ കാൽനടയായി വീട്ടിലേക്ക് പോവുകയായിരുന്നു.
മെയ് 26 വെള്ളിയാഴ്‌ചയാണ് മാതാപിതാക്കളോടൊപ്പം വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന തനുഷ്‌ക എന്ന ഒന്നര വയസുകാരിയെ പാമ്പ് കടിച്ചത്. പിന്നാലെ കുട്ടി ബോധ രഹിതയായത് ശ്രദ്ധയിൽപ്പെട്ട തനുഷ്‌കയുടെ അച്ഛൻ വിജിയും അമ്മ പ്രിയയും ചേർന്ന് അവളെ വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കൃത്യമായ റോഡ് സൗകര്യം ഇല്ലാത്തതിനാൽ തന്നെ ഏറെ വൈകിയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനായത്.
എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി മണിക്കൂറുകൾക്ക് മുന്നേ തന്നെ മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം സംസ്‌കരിക്കുന്നതിനായി ആംബുലൻസിൽ കയറ്റി വീട്ടിലേക്ക് അയച്ചു. എന്നാൽ ദുർഘടമായ പാതയിലൂടെ സഞ്ചരിച്ചതോടെ ആംബുലൻസ് ബ്രേക്ക് ഡൗണായി.
ശേഷം കുഞ്ഞിന്‍റെ മൃതദേഹം കയ്യിൽ ചുമന്ന് 10 കിലോമീറ്ററോളം നടന്നാണ് ഇവർ വീട്ടിലേക്കെത്തിയത്. ഇതിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ തമിഴ്‌നാട്ടിലുടനീളം വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. പിന്നാലെ കഴിഞ്ഞ ദിവസം വെല്ലൂർ ജില്ല കലക്‌ർ പി.കുമാരവേൽ പാണ്ഡ്യൻ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ മാതാപിതാക്കളെ കണ്ട് അനുശോചനം രേഖപ്പെടുത്തുകയും റോഡ് ഉടൻ സഞ്ചാര യോഗ്യമാക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു.