മംഗളൂരു സദാചാര ആക്രമണം: അഞ്ച് പേര്‍ അറസ്റ്റില്‍, മലയാളി വിദ്യാര്‍ഥികളെ ആക്രമിച്ചത് 30 പേരടങ്ങുന്ന സംഘമെന്ന് സൂചന - മംഗളൂരു സദാചാര ആക്രമണം
കാസർകോട്: മംഗളൂരുവില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. തലപ്പാടി സ്വദേശികളായ സച്ചിൻ, സുഹൻ ബസ്‌തിപട്പ്പ് സ്വദേശി യതീഷ്, അഖില്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളെയുമാണ് പൊലീസ് പിടികൂടിയത്. ഉള്ളാള്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്.
അക്രമിസംഘത്തില്‍ 30 പേരുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മറ്റുപ്രതികളെ കണ്ടെത്താന്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയാണ്. പിടിയിലായവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇന്നലെ രാത്രിയിലാണ് മംഗളൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചര ഗുണ്ട ആക്രമണം നടന്നത്.
കാസർകോട് സ്വദേശികളായ ആറ് വിദ്യാർഥികൾ അവധി ആഘോഷിക്കാനായാണ് മംഗളുരുവിൽ എത്തിയത്. വിദ്യാര്‍ഥികള്‍ മൂന്ന് സുദായത്തില്‍പ്പെട്ടവരാണെന്ന് നിരീക്ഷിച്ച ഒരു സംഘം ഇവരെ പിന്തുടര്‍ന്നു. രാത്രി 7:20ഓടെ സോമേശ്വർ കടല്‍തീരത്ത് എത്തിയപ്പോള്‍ ഇവര്‍ വിദ്യാര്‍ഥികളോട് പേരും മറ്റ് വിവരങ്ങളും ചോദിച്ചറിഞ്ഞു.
തുടര്‍ന്നാണ് സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ആക്രമിക്കപ്പെട്ടത്. സദാചാര ഗുണ്ട ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ദേർലക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍ തിരിച്ചുപോയി.
നാട്ടുകാരാണ് വിവരം ആദ്യം പൊലീസില്‍ അറിയിച്ചത്. ഇതിന് പിന്നാലെ എത്തിയ 112 പട്രോള്‍ പൊലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സംഭവത്തിന് പിന്നാലെ സോമേശ്വരം ബീച്ചില്‍ പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
മര്‍ദനത്തിനിരയായ വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ അറിയിച്ചിരുന്നു. അക്രമികളെ പിടികൂടുന്നതിനായി രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കി. സംസ്ഥാനത്ത് ഇനി സദാചാര പൊലീസ് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അടുത്തിടെ പറഞ്ഞിരുന്നു. സദാചാരപൊലീസിന് അറുതിവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
Also Read :ദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്‍റെ ആക്രമണം; ഒരാൾ അറസ്റ്റില്‍