ബേക്കൽ കോട്ടയിൽ പിറന്നാൾ ആഘോഷിക്കാൻ എത്തിയ സുഹൃത്തുക്കള്‍ക്ക് നേരെ സദാചാര ആക്രമണം ; മൂന്ന് പേർ അറസ്റ്റിൽ - സുഹൃത്തുകൾക്ക് നേരെ സദാചാര ആക്രമണം
കാസർകോട് : ബേക്കൽ കോട്ടയിൽ പിറന്നാൾ ആഘോഷിക്കാൻ എത്തിയ സുഹൃത്തുക്കള്‍ക്ക് നേരെ സദാചാര ആക്രമണം. സംഭവത്തിൽ മൂന്ന് പേരെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തു. അബ്‍ദുൾ മൻസൂർ, അഫീഖ്, മുഹമ്മദ് നിസാർ എന്നിവരാണ് പിടിയിലായത്. തടഞ്ഞുവയ്ക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അക്രമത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്കാണ് അഞ്ചുപേർ ബേക്കൽ കോട്ട സന്ദർശിക്കാൻ എത്തിയത്. തുടർന്ന് വൈകിട്ടോടെ മടങ്ങിയ സുഹൃത്തുക്കളെയാണ് മേൽപ്പറമ്പിൽവച്ച് തടഞ്ഞുവച്ച് ആക്രമിച്ചത്. നാല് യുവാക്കളും ഒരു സ്ത്രീയുമടങ്ങുന്ന സംഘമാണ് ആഘോഷത്തിന് എത്തിയത്. മേൽപ്പറമ്പില്‍ എത്തിയപ്പോൾ ഭക്ഷണം കഴിക്കാനായി കാർ നിർത്തി. പിന്നാലെ ഒരു സംഘം ഇവരെ തടഞ്ഞുവയ്ക്കുകയും സദാചാര ആരോപണങ്ങള്‍ ഉയര്‍ത്തി ഒരാളെ കാറിൽ നിന്ന് പിടിച്ചിറക്കി മർദിക്കുകയുമായിരുന്നു. ഇത് കൂടെ ഉണ്ടായിരുന്നവർ ചോദ്യം ചെയ്‌തു. രംഗം വഷളായതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മേൽപ്പറമ്പ് പൊലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.