ലോക്‌സഭ തെരഞ്ഞെടുപ്പ് : യുഡിഎഫില്‍ ആവശ്യപ്പെട്ടത് ഒരു സീറ്റെന്ന് മോൻസ് ജോസഫ് എംഎൽഎ - മോൻസ് ജോസഫ് എം എൽ എ
Published : Jan 12, 2024, 5:15 PM IST
കോട്ടയം :ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസ് ഒരു സീറ്റാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് മോൻസ് ജോസഫ് എംഎൽഎ. കൂടുതൽ സീറ്റുകൾ വേണം എന്ന് യുഡിഎഫിനോട് ആവശ്യപ്പെടില്ല. കോട്ടയം സീറ്റിൽ പാർട്ടി മത്സരിക്കും. അതിൽ കൂടുതലായി എന്തെങ്കിലും ഉണ്ടെങ്കിൽ യുഡിഎഫിൽ ചർച്ച ചെയ്യും. നിലവിൽ കേരള കോൺഗ്രസിന് ഒരു സീറ്റ് എന്നതാണ് ധാരണയെന്നും മോൻസ് ജോസഫ് എം എൽ എ പറഞ്ഞു.റബർ വില 300 രൂപയാക്കണമെന്നാവശ്യപ്പെട്ട് ജനുവരി 13 ന് ലോങ് മാർച്ച് നടത്തും.12 ന് കടുത്തുരുത്തിയിൽ പാർട്ടി ചെയർമാൻ പിജെ ജോസഫ് സമരം ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തിയിൽ നിന്ന് കോട്ടയം വരെയാണ് ലോങ് മാർച്ച് സംഘടിപ്പിക്കുന്നത്. കോട്ടയത്ത് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്നും മോൻസ് ജോസഫ് അറിയിച്ചു. കർഷകർക്ക് വേണ്ടി എന്തെങ്കിലും ഉപകാരം ചെയ്യാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. കേന്ദ്ര ബഡ്‌ജറ്റും സംസ്ഥാന ബഡ്‌ജറ്റും വരാനിരിക്കുന്ന സാഹചര്യത്തിൽ എൽ ഡി എഫ് സർക്കാർ പറഞ്ഞ 280 രൂപയുടെ വാഗ്‌ദാനം നടപ്പാക്കണം. കേന്ദ്ര ബഡ്‌ജറ്റിലൂടെ 50 രൂപയിൽ കുറയാത്ത ഇൻസെന്‍റീവും പ്രഖ്യാപിക്കണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.