മന്ത്രി സജി ചെറിയാന്‍റെ പ്രസ്‌താവന നിര്‍ഭാഗ്യകരം, മാപ്പ് പറയാന്‍ തയ്യാറാകണം : മോൻസ് ജോസഫ് എംഎല്‍എ - സജി ചെറിയാന്‍ പ്രസ്‌താവന
Published : Jan 2, 2024, 2:11 PM IST
കോട്ടയം:ബിഷപ്പുമാര്‍ക്കെതിരെയുള്ള മന്ത്രി സജി ചെറിയാന്‍റെ പ്രസ്‌താവന നിര്‍ഭാഗ്യകരമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. മന്ത്രിസ്ഥാനത്തെ കളങ്കപ്പെടുത്തുന്ന പ്രസ്‌താവനയാണ് അദ്ദേഹം നടത്തിയത്. മന്നം ജയന്തി സമ്മേളനത്തിനായി ചങ്ങനാശ്ശേരിയിലെ പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെത്തിയപ്പോഴായിരുന്നു മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രതികരണം. പ്രസ്‌താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയാന്‍ തയ്യാറാകണം. മതേതരത്വത്തിന്‍റെ പ്രതീകമാണ് മത മേലധ്യക്ഷന്മാര്‍. സാംസ്‌കാരിക വകുപ്പ് മന്ത്രി സംസ്‌കാരമില്ലാതെ പെരുമാറിയത് കേരള സമൂഹം പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ജനത ഒറ്റക്കെട്ടായി ഇതിനെതിരെ നിലപാട് എടുക്കും. നവ കേരള സദസിൽ പിതാക്കന്മാർ പങ്കെടുത്തപ്പോൾ പ്രതിപക്ഷം പ്രതികരിച്ചില്ല. സമനില തെറ്റിയത് പോലെയുള്ള പ്രസ്‌താവനയാണ് സജി ചെറിയാൻ നടത്തിയതെന്നും എംഎല്‍എ കുറ്റപ്പെടുത്തി. അടിയന്തര യോഗം ചേർന്ന് മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ നടപടിയെടുക്കണം. പാലായിൽ എംപിയെ മുഖ്യമന്ത്രി അപമാനിച്ചിട്ട് പോലും ജോസ് വിഭാഗം ഒന്നും പറഞ്ഞിട്ടില്ല. ഈ വിഷയത്തിൽ ജോസ് വിഭാഗം പ്രതികരിക്കാൻ ബാധ്യസ്ഥരാണ്. ഇത് തിരുത്തിക്കാനുള്ള നിലപാട് അവർ സ്വീകരിക്കണം. വിഷയത്തിൽ നിന്നും മാറി നിൽക്കാൻ അവർക്ക് സാധിക്കില്ലെന്നും എംഎൽഎ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ ക്രിസ്‌മസ് വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്ത സംഭവത്തെ കുറിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്‌താവനയാണ് വിവാദമായത്. ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ സംഭവം അവര്‍ മറന്ന് പോയെന്നുമാണ് മന്ത്രി പറഞ്ഞത്.