വാനരശല്യം അതിരൂക്ഷം: വീടിന് പുറത്തിറങ്ങാനാവാതെ പൂപ്പാറ നിവാസികള്‍; അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി - പൂപ്പാറ പെട്രോള്‍ പമ്പ്
ഇടുക്കി: വാനരശല്യം മൂലം വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഇടുക്കി പൂപ്പാറ നിവാസികള്‍. കൂട്ടത്തോടെ എത്തുന്ന വാനര സംഘം വീടുകളിലും കൃഷിയിടങ്ങളിലും വ്യാപക നാശമാണ് വരുത്തിവയ്ക്കുന്നത്. മേല്‍ക്കൂരയിലെ ഓട് തകര്‍ത്ത് അകത്ത് കടക്കുന്ന കുരങ്ങന്‍മാര്‍ വീട്ടുപകരണങ്ങളും ഭക്ഷണ സാധനങ്ങളും നശിപ്പിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്.
പൂപ്പാറ പെട്രോള്‍ പമ്പ്, മേഖലയിലെ വീടുകള്‍ക്ക് നേരെയാണ് കുരങ്ങുകളുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. ഓട് തകര്‍ത്ത് വീടിനുള്ളില്‍ കടക്കുന്ന ഇവ, അരിയും പലചരക്ക് സാധനങ്ങളും കഴിക്കുകയും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നശിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ ഒരു വര്‍ഷമായാണ് മേഖലയില്‍ കുരങ്ങ് ശല്യം രൂക്ഷമായിരിക്കുന്നത്.
വീടുകള്‍ക്ക് നേരെ ആക്രമണം പതിവായതോടെ തൊഴിലാളികള്‍ക്ക് വീട് പൂട്ടി ജോലിക്ക് പോലും പോവാനാവാത്ത സാഹചര്യമാണുള്ളത്. പാകം ചെയ്‌ത ഭക്ഷണം അടച്ചു മൂടിയ ശേഷം വലിയ കല്ലുകൾ പാത്രങ്ങൾക്കു മുകളിൽ എടുത്ത് വച്ചതിനു ശേഷമാണ് പ്രദേശവാസികൾ ജോലിക്ക് പോകുന്നത്. അടച്ചുറപ്പ് ഉള്ള കോൺക്രീറ്റ് വീട് പഞ്ചായത്തിൽ നിന്നും ലഭിച്ചാൽ ഒരു പരിധിവരെ ഇവയുടെ ശല്യത്തിൽ നിന്നും രക്ഷപെടാനാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വീട്ടിൽ ഉണ്ടാക്കുന്ന നാശങ്ങൾക്ക് പുറമെ കുരങ്ങൻമാർ വ്യാപക നാശങ്ങളാണ് കൃഷിയിടത്തിൽ ഉണ്ടാക്കുന്നത്. കൃഷിയിടത്തിലേക്ക് കടക്കുന്ന കുരങ്ങന്‍മാര്‍ ഏലചെടികള്‍ പൂര്‍ണ്ണമായും നശിപ്പിക്കും. ചെടികളുടെ തണ്ട് നശിപ്പിച്ച് നീര് കുടിയ്ക്കും. ഗ്രാമപഞ്ചായത്തിലും വനം വകുപ്പിലും വിവരം അറിയിച്ചിട്ടും പ്രതിരോധ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്നാണ് പരാതി. കുരങ്ങൻമാർക്ക് പുറമെ കൃഷിയിടങ്ങളിലേക്ക് ആനകൂട്ടം എത്തുന്നതും പതിവാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പ്രദേശവാസികൾക്ക് വലിയ വെല്ലുവിളിയാണ്.