Monitor Lizard Caught At Thrissur | ഏഴ് കിലോയും അഞ്ച് അടിയും; മതിലകത്ത് പിടിച്ചത് ഭീമൻ ഉടുമ്പിനെ - ഉടുമ്പ് തൃശൂരില്‍
Published : Oct 17, 2023, 7:28 PM IST
തൃശൂർ: മതിലകത്ത് ജനവാസമേഖലയിലിറങ്ങിയ ഭീമൻ ഉടുമ്പിനെ പിടികൂടി (Monitor Lizard Caught At Thrissur). ഏഴ് കിലോയോളം തൂക്കവും അഞ്ച് അടിയോളം നീളവുമുണ്ടായിരുന്നു. ദിവസങ്ങളായി പ്രദേശത്ത് കറങ്ങി നടന്നിരുന്ന ഉടുമ്പിനെ ഹരി മതിലകമാണ് പിടികൂടിയത്. പിന്നീട് ഉടുമ്പിനെ വനം വകുപ്പിന് കൈമാറി. വരാണസ് (Varanus) വർഗത്തിൽപെട്ട ഉരഗമാണ് ഉടുമ്പ്. ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലാണ് പ്രാധാനമായും കാണപ്പെടുന്നത്. നാല് തരം ഉടുമ്പുകളെയാണ് ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ളത്. ബംഗാൾ ഉടുമ്പ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഉടുമ്പ് (Bengal Monitor), നീരുടുമ്പ് (Asian Water Monitor), മരു ഉടുമ്പ് (Desert Monitor), മഞ്ഞ ഉടുമ്പ് (Yellow Monitor) എന്നിവയാണ്. ബംഗാൾ ഉടുമ്പ് മാത്രമാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്. മണ്ണുടുമ്പ്, കാരുടുമ്പ് , പൊന്നുടുമ്പ് എന്നിങ്ങനെ വിവധ പേരുകള്‍ ഇതിനെ വിളിക്കാറുണ്ട്. സാധാരണയായി 60 മുതൽ 175 സെന്‍റീ മീറ്റർ വരെ നീളവുമുള്ള ഉടുമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. ഏഴ് മുതൽ പത്ത് കിലോ വരെ തൂക്കവുമുണ്ടാകും. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കപ്പെടുന്ന ജീവിയാണ് ഉടുമ്പ്. അതുകൊണ്ടുതന്നെ ഇവയെ വേട്ടയാടി കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.