ഉടമ അറിയാതെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു; കാസർകോട് സ്വദേശിക്ക് നഷ്‌ടമായത് 41341 രൂപ - kasaragod news
കാസർകോട് : ബോവിക്കാനം സ്വദേശിയായ പ്രവാസി ഇബ്രാഹിം ബാദുഷയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 41,341 രൂപ നഷ്‌ടമായതായി പരാതി. അക്കൗണ്ടിൽ മൈനസായി 64 ലക്ഷം രൂപ കാണിക്കുന്നതായാണ് കണ്ടെത്തിയത്. ഏപ്രിൽ ഒന്നിനാണ് ഇബ്രാഹിം ബാദുഷയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ഇബ്രാഹിം സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ കാസർകോട് ശാഖയിലെത്തി കാര്യം അന്വേഷിച്ചു. പരാതിയെ തുടർന്ന് ബാങ്ക് അധികൃതർ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു. ഉത്തർപ്രദേശിലെ ഗുവാഹത്തിയിൽ രജിസ്റ്റർ ചെയ്‌ത സൈബർ കേസുമായി ബന്ധപ്പെട്ട നടപടിയാണെന്നാണ് ബാങ്കിൽ നിന്നും ഇബ്രാഹിമിന് ലഭിച്ച മറുപടി.
സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസിനെ ബന്ധപ്പെടാമെന്നും ബാങ്കിന് മറ്റൊന്നും ചെയ്യാൻ സാധിക്കില്ലെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. യുപി പൊലീസുമായി ബന്ധപ്പെട്ടപ്പോൾ അവരും കൈമലർത്തി. ഒരു ടോൾഫ്രീ നമ്പർ കൊടുത്തെങ്കിലും അതിൽ നിന്നും പ്രതികരണവും ഉണ്ടായില്ല.
നിയമ നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് അറിയില്ലെന്ന് ഇബ്രാഹിം പറയുന്നു. അവധി കഴിഞ്ഞ് അടുത്ത ദിവസം തന്നെ വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഇബ്രാഹിം. ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്‌ടമാകുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ബാങ്ക് ഇടപാടുകളിലെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്നതാണു ഇത്തരം സംഭവങ്ങൾ.