കേരളം

kerala

Mobile Phone Number In Public Toilet In Nileshwaram Kasaragode

ETV Bharat / videos

Mobile Phone Number Public Toilet Nileshwaram ശുചിമുറി തേടി മലപ്പുറത്ത് നിന്ന് കാസർകോട്ടേക്ക്...ഫോൺ നമ്പറിന് പിന്നാലെ ഒരു മകന്‍റെ യാത്ര - നീലേശ്വരം പൊതു ശുചിമുറി

By ETV Bharat Kerala Team

Published : Oct 10, 2023, 4:56 PM IST

കാസര്‍കോട്:ബസ് സ്റ്റാന്‍റുകളിലെയും ട്രെയിനുകളിലെയും ശുചിമുറിയുടെ ചുവരുകളില്‍ സ്‌ത്രീകളുടെതെന്ന പേരില്‍ മൊബൈല്‍ നമ്പറുകള്‍ എഴുതി വയ്‌ക്കുന്നത് പതിവ് കാഴ്‌ചയാണ് (Mobile Phone Number In Public Toilet). ഇത്തരം സംഭവങ്ങളിലൂടെ നിരവധി സ്‌ത്രീകളാണ് പ്രയാസം അനുഭവിക്കുന്നത്. സാമൂഹ്യ വിരുദ്ധരുടെ നിരന്തരമുള്ള ശല്യം കാരണം മൊബൈല്‍ നമ്പര്‍ മാറ്റിയവര്‍ പോലും നിരവധിയുണ്ട്. അത്തരമൊരു  ശല്യത്തിന് പരിഹാരം കാണാന്‍ മലപ്പുറത്ത് നിന്നും കാസര്‍കോട്ടേക്ക് യാത്ര തിരിച്ച യുവാവിന്‍റെ വാര്‍ത്തയാണിപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. നീലേശ്വരത്തെ പൊതു ശുചിമുറിയില്‍ കയറിയ ഏതോ ഒരാള്‍ അമ്മയുടെ നമ്പര്‍  ചുവരിലെഴുതി. നിരന്തരമുള്ള സാമൂഹ്യ വിരുദ്ധരുടെ ഫോണ്‍ കോളില്‍ പൊറുതി മുട്ടിയതോടെയാണ് മലപ്പുറം സ്വദേശിയായ യുവാവ് നീലേശ്വരത്തേക്ക് വണ്ടി കയറിയത്. മണിക്കൂറുകള്‍ യാത്ര ചെയ്‌ത് നീലേശ്വരത്തെത്തിയപ്പോഴാകട്ടെ ശുചിമുറി പുറത്ത് നിന്നും പൂട്ടി കിടക്കുന്നു. ഏറെ പണിപ്പെട്ട് പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല (Public Toilet In Nileshwaram). തുടര്‍ന്ന് നേരെ നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക്. നീലേശ്വരത്തെ പൊതു ശുചിമുറിയില്‍ ആരോ തന്‍റെ അമ്മയുടെ മൊബൈല്‍ നമ്പര്‍ എഴുതി വച്ചിട്ടുണ്ടെന്നും പലരും മോശമായി മാതാവിന്‍റെ ഫോണില്‍ വിളിക്കുന്നുവെന്നും യുവാവ് പരാതിപ്പെട്ടു. തൊട്ടടുത്ത ദിവസം ഗള്‍ഫിലേക്ക് പോകേണ്ടത് കൊണ്ടാണ് താന്‍ ഇപ്പോള്‍ തന്നെ ഇവിടെയെത്തിയതെന്നും യുവാവ് അറിയിച്ചു. കുടുംബത്തിന്‍റെ അവസ്ഥ മനസിലാക്കിയ പൊലീസ് ഒടുക്കം ശുചിമുറിയുടെ പൂട്ടുപൊളിച്ച് അകത്ത് കടന്ന് പരിശോധിച്ചു. തുടര്‍ന്ന് മാതാവിന്‍റെ നമ്പര്‍ മായ്‌ച്ചു കളഞ്ഞു. പ്രശ്‌നത്തിന് പരിഹാരമായതോടെ പൊലീസിന് നന്ദി പറഞ്ഞ യുവാവ് മലപ്പുറത്തേക്ക് യാത്ര തിരിച്ചു. മായ്‌ച്ചു കളഞ്ഞ ഈ നമ്പര്‍ കൂടാതെ നിരവധി നമ്പറുകള്‍ ഇപ്പോഴും നീലേശ്വരം ബസ് സ്റ്റാന്‍റിലെ ശുചിമുറിയുടെ ചുമരിലുണ്ട്. ഇവയെല്ലാം മായ്‌ച്ച് കളയാനുള്ള നടപടിയും പൊലീസ് സ്വീകരിച്ചു. 

ABOUT THE AUTHOR

...view details