'എംവിഡി പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു, നിയമത്തിന്‍റെ നൂലാമാലകള്‍ പറഞ്ഞ് ദ്രോഹിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന്' എംഎം മണി - idukki news updates
ഇടുക്കി:മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് എംഎം മണി എംഎല്‍എ. ഇരുമ്പ് പൈപ്പ് കൊണ്ടു പോയതിന് പെട്ടി ഓട്ടോറിക്ഷയ്‌ക്ക് 20,000 രൂപ പിഴയിട്ട സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനെതിരെ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന്‍റെ നൂലാമാലകള്‍ പറഞ്ഞ് ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് പൊതുശല്യമായി മാറിയിരിക്കുകയാണെന്നും പൈപ്പ് കൊണ്ടുപോയതിന് ഓട്ടോറിക്ഷ ഡ്രൈവറെ താക്കീത് ചെയ്‌ത് വിടുന്നതിന് പകരം വന്‍ തുക പിഴ അടക്കാന്‍ ഉത്തരവിടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഉത്തരവിടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ വന്‍ തുക കൈക്കൂലി വാങ്ങുന്നത് തങ്ങള്‍ക്ക് അറിയാമെന്നും എംഎം മണി പറഞ്ഞു.
500 രൂപ ഓട്ടോറിക്ഷ ഡ്രൈവര്‍ കൈമടക്ക് കൊടുത്തിരുന്നെങ്കില്‍ പിഴ ഒഴിവാക്കുമായിരുന്നുവെന്നും വന്‍തുക ശമ്പളവും അല്ലാതെ കിമ്പളവും വാങ്ങുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പൊതുജനങ്ങള്‍ കായികമായി കൈകാര്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. റവന്യൂ, വനം, പൊതുമരാമത്ത്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെല്ലാം കൈക്കൂലി വാങ്ങിക്കുന്നവരാണെന്നും എംഎം മണി കുറ്റപ്പെടുത്തി.
ജൂണ്‍ ഏഴിനാണ് അനുവദനീയമല്ലാത്ത രീതിയില്‍ ചരക്ക് കയറ്റിയെന്നാരോപിച്ച് പെട്ടി ഓട്ടോറിക്ഷയ്‌ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴയിട്ടത്. ഓട്ടോറിക്ഷയില്‍ നിന്നും ഒരു പൈപ്പ് മുകളിലേക്ക് ഉയര്‍ന്ന് നിന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വന്‍തുക ഉദ്യോഗസ്ഥര്‍ പിഴയിട്ടത്. ഇതിനെതിരെ ഡ്രൈവര്‍മാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകാന്‍ ലഭിക്കുന്ന ട്രിപ്പുകള്‍ അടക്കം വേണ്ടെന്ന് വച്ച് പ്രതിഷേധിച്ചിരുന്നു.
ഉടുമ്പന്‍ചോല ജോയിന്‍റ് ആര്‍ടിഒ ഓഫിസിന് മുമ്പിലാണ് സംഘം ധര്‍ണ നടത്തിയത്. വിവിധ വ്യാപാര സംഘടന പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഡ്രൈവര്‍മാര്‍, ലോഡിങ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.