MM Hassan On Rahul Gandhi Candidacy: 'രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന് പറയാൻ സിപിഐയ്ക്ക് അവകാശമില്ല': എംഎം ഹസ്സന്‍ - പുതുപ്പള്ളി
Published : Sep 23, 2023, 4:29 PM IST
കൊല്ലം:കോണ്‍ഗ്രസ് നേതാവ് (Congress Leader) രാഹുൽ ഗാന്ധി (Rahul Gandhi) വയനാട്ടില്‍ മത്സരിക്കരുതെന്ന് പറയാൻ സിപിഐയ്ക്ക് അവകാശമില്ലെന്ന് യുഡിഎഫ് കൺവീനർ (UDF Convener) എംഎം ഹസ്സൻ (MM Hassan) പറഞ്ഞു. കൊല്ലത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദേഹത്തിന്‍റെ പ്രതികരണം. രാഹുൽ ഗാന്ധി വയനാട് തന്നെ മത്സരിക്കണമെന്നാണ് യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും അഭിപ്രായം. പുതുപ്പള്ളിയിൽ ഇടതുപക്ഷം സ്ഥാനാർഥിയെ നിർത്തരുതെന്ന് പറഞ്ഞ കെപിസിസി പ്രസിഡൻ്റിനെ പരിഹസിച്ചവരാണ് ഇപ്പോൾ ഇത് പറയുന്നത്. അസമയത്താണ് സിപിഐയുടെ പ്രസ്‌താവന. മാധ്യമങ്ങളോടല്ല സിപിഐ ഇത് പറയേണ്ടതെന്നും കോൺഗ്രസിൻ്റെ സ്ഥാനാർഥിയെ കുറിച്ച് പറയാൻ സിപിഐയ്ക്ക് എന്താണ് അവകാശമാണുള്ളതെന്നും ഹസ്സൻ ചോദിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന കോൺഗ്രസ് എംപിമാരുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ നേതാക്കൾ പാർട്ടിയിൽ അഭിപ്രായം പറയട്ടെയെന്നും എംഎം ഹസന്‍ പ്രതികരിച്ചു. കടം കൊണ്ട് വീർപ്പ് മുട്ടുന്ന സംസ്ഥാനത്ത് ഒന്നരമാസമാണ് ജനസമ്പർക്കം നടത്തുന്നതെന്നും എംഎം ഹസ്സൻ പരിഹസിച്ചു. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെ അധിക്ഷേപിച്ചവരാണ് ഇപ്പോൾ ജനസമ്പർക്കവുമായി ഇറങ്ങുന്നത്. ഇത് വെറും പ്രഹസനമാണ്. അതിനാൽ തന്നെ യുഡിഎഫ് ജനസമ്പർക്ക പരിപാടിയുമായി സഹകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണമാണ് സർക്കാരിൻ്റെ ജനസമ്പർക്ക പരിപാടിയെന്നും എംഎം ഹസൻ കൂട്ടിച്ചേര്‍ത്തു.