'താക്കീതിനെക്കുറിച്ച് വിവരമില്ല, നേരിട്ട് അറിയിക്കട്ടെ, അപ്പോൾ പ്രതികരിക്കാം'; കെപിസിസി നടപടിയിൽ പ്രതികരിച്ച് എം കെ രാഘവൻ - കെപിസിസി നടപടിയിൽ പ്രതികരിച്ച് എം കെ രാഘവൻ
കോഴിക്കോട് :കെപിസിസി നൽകിയ താക്കീതിനെ കുറിച്ച് അറിയില്ലെന്ന് എംകെ രാഘവൻ എംപി. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. നേതൃത്വം നേരിട്ട് അറിയിക്കട്ടെ. വിഷയത്തില്‍ അപ്പോൾ പ്രതികരിക്കാമെന്നും എം കെ രാഘവൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിനെതിരായ പരസ്യ വിമർശനത്തിന് പിന്നാലെയാണ് എം കെ രാഘവനും, കെ മുരളീധരനും കെപിസിസി താക്കീത് നൽകിയത്.
പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യ പ്രസ്‌താവനകള്‍ പാടില്ലെന്ന നിര്‍ദേശം നല്‍കിയാണ് കത്ത് നല്‍കിയിരിക്കുന്നത്. ബുധനാഴ്‌ച ചേര്‍ന്ന കെപിസിസി നേതൃയോഗത്തിന്‍റെ തീരുമാനപ്രകാരമായിരുന്നു നടപടി. ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ എംകെ രാഘവന്‍റെ പരസ്യ വിമർശനം.
ഈ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് കെ മുരളീധരനും രംഗത്തെത്തിയിരുന്നു. എം കെ രാഘവന്‍ പറഞ്ഞത് പ്രവര്‍ത്തകരുടെ പൊതുവികാരമാണെന്നും പാര്‍ട്ടിക്കുള്ളില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നുമായിരുന്നു മുരളീധരന്‍റെ വാക്കുകള്‍. ഇതിന് പിന്നാലെയാണ് ഇരുവർക്കും താക്കീതുമായി കെപിസിസി രംഗത്തെത്തിയത്. നേരത്തെ ശശി തരൂരിനെ പിന്തുണച്ചതിനും എം കെ രാഘവനെതിരെ കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.