അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട്ടില്‍ കണ്ടെത്തി: ആദ്യദിവസത്തെ ദൗത്യം പരാജയം; നാളെ രാവിലെ പുനരാരംഭിക്കും
ഇടുക്കി:ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് അരിക്കൊമ്പനെ മയക്കു വെടി വയ്ക്കുന്നതിന് വേണ്ടിയിട്ടുള്ള തീരുമാനത്തിലേക്ക് വനം വകുപ്പ് എത്തിയത്. ഇന്നലെ മോക്ഡ്രിൽ നടത്തിയതിന് ശേഷം ഇന്ന് പുലർച്ചെ നാലരയോടെ ദൗത്യം ആരംഭിക്കുകയായിരുന്നു. രാവിലെ നാലരയോടെ ദൗത്യം ആരംഭിച്ചില്ലെങ്കിലും അരിക്കൊമ്പൻ എവിടെയാണ് നിൽക്കുന്നത് എന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ നാലുമണിയോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
സിമൻ്റ് പാലത്തിന് സമീപം ആനക്കൂട്ടത്തിൽ അരിക്കൊമ്പൻ ഉണ്ട് എന്നായിരുന്നു വനംവകുപ്പിന്‍റെ നിഗമനം. എന്നാൽ ആനക്കൂട്ടത്തെ വിരട്ടി കൂട്ടം തിരിക്കുവാൻ വന വകുപ്പ് ശ്രമം നടത്തി. ഇതോടെ ഈ കൂട്ടത്തിൽ അരിക്കൊമ്പൻ ഇല്ല എന്ന് ബോധ്യപ്പെട്ടു.
തുടർന്ന് വനം വകുപ്പ് അരിക്കൊമ്പൻ ആയിട്ടുള്ള തെരച്ചിൽ ആരംഭിക്കുകയായിരുന്നു. രാവിലെ ആരംഭിച്ച ദൗത്യം ഉച്ചയോടെ പൂർത്തിയാക്കി മടങ്ങുവാൻ കഴിയുമെന്ന് പ്രതീക്ഷയിൽ ദൗത്യത്തിന് ഇറങ്ങിയ വനം വകുപ്പിന് വൈകുന്നേരത്തോടെ ദൗത്യം താത്‌കാലികമായി അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. എന്നാൽ അരിക്കൊമ്പനെ വൈകിട്ട് 5 മണിയോടെ ശങ്കരപാണ്ടിമെട്ട് മേഖലയിൽ കണ്ടെത്തി.
നാളെ വീണ്ടും ദൗത്യം പുനരാരംഭിക്കുവാനാണ് വനംവകുപ്പിന്‍റെ നീക്കം. രാവിലെ 8 മണി മുതൽ ദൗത്യം ആരംഭിക്കും. ട്രാക്കിംഗ് ടീം അരിക്കൊമ്പനെ നിരീക്ഷിക്കും. നാളെയും മേഖലയിൽ നിരോധനാജ്ഞയും നിയന്ത്രണങ്ങളും തുടരും. നാളെ ആനയെ സിമൻറ് പാലത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആകും ആദ്യം വനം വകുപ്പ് സ്വീകരിക്കുക. തുടർന്നാകും മയക്കുവെടി വെച്ച് പിടികൂടുക.